വാഷിംഗ്ടൺ – 2023 ഒക്ടോബറിലെ ഹമാസിന്റെ പ്രതിരോധ ആക്രമണത്തിന് ശേഷം ഇസ്രായിൽ ഗാസയിൽ നടത്തിയ വംശീയ ഉന്മൂലനത്തിന് ലാഭം കൊയ്ത് അമേരിക്കൻ കമ്പനികൾ. രണ്ട് വർഷത്തിനുള്ളിൽ 32 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്കൻ കമ്പനികൾ ഇസ്രായിലിന് വിറ്റതായി യുഎസ് വിദേശ മന്ത്രാലയത്തിന്റെ വിവരങ്ങൾ അടിസ്ഥാനമാക്കി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതീവ കൃത്യതയുള്ള ഗൈഡഡ് യുദ്ധോപകരണങ്ങൾ, ദീർഘദൂര മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഫീൽഡ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ആയുധങ്ങളുടെ വിതരണ ശൃംഖല ആരംഭിക്കാൻ അമേരിക്ക തിടുക്കം കൂട്ടിയതായും റിപ്പോർട്ട് വ്യക്തമാക്കി.
ഇസ്രായിലിന് വാർഷിക സഹായമായി അമേരിക്ക സാധാരണ ഏകദേശം 330 കോടി ഡോളറാണ് നൽകാറുള്ളത്. എന്നാൽ 2024ൽ ഇത് ഇരട്ടിയലധികം വർധിപ്പിച്ച് 680 കോടി ഡോളറായി നൽകി. ഇതിനു പുറമെ ലോജിസ്റ്റിക്കൽ സപ്പോർട്ട്, പരിശീലനം, ഇന്റലിജൻസ് ഏകോപനം എന്നിങ്ങനെയുള്ള സാമ്പത്തിക ഇതര സഹായങ്ങളും നൽകിയിട്ടുണ്ട്. ഇസ്രായിലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തോട് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും സ്ഥിരമായ സുരക്ഷാ ക്രമീകരണങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് അമേരിക്ക നിലവിൽ നേതൃത്വം നൽകുന്നുണ്ടെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
എന്നാൽ സമാധാന ചർച്ചകൾക്കിടയിലും യു.എസ് ആയുധ ഫാക്ടറികളിലെ ഉൽപാദനം മന്ദഗതിയിലായിട്ടില്ലെന്നും ഇസ്രായിലിനുള്ള ആയുധ വിതരണ കരാറുകൾ 2029 വരെ നീളുന്നുവെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയ ഡാറ്റ സൂചിപ്പിക്കുന്നു. ഗാസ യുദ്ധത്തിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഒന്നാമത് ബോയിംഗ് കമ്പനിയാണ്. നാലു വർഷത്തിനുള്ളിൽ ഇസ്രായിലിന് നൂതന എഫ്-15 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള ചരിത്രപരമായ 18.8 ബില്യൺ ഡോളറിന്റെ കരാർ ബോയിംഗ് നേടിയിട്ടുണ്ട്. നാല് വർഷത്തിനുള്ളിൽ യുദ്ധ വിമാനങ്ങളുടെ ഡെലിവറി പ്രതീക്ഷിക്കുന്നു. ഗൈഡഡ് ബോംബുകളും അനുബന്ധ ആയുധ സംവിധാനങ്ങളും ഇസ്രായിലിന് വിതരണം ചെയ്യാനായി 7.9 ബില്യൺ ഡോളറിന്റെ അധിക കരാറുകളും കമ്പനി നേടി. മുൻ ഇടപാടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ബോയിംഗും ഇസ്രായിലും തമ്മിലുണ്ടാക്കിയ ആകെ കരാറുകളുടെ മൂല്യം 10 മില്യൺ ഡോളറിൽ കവിയില്ല.


നോർത്ത്‌റോപ്പ് ഗ്രുമ്മൻ, ലോക്ക്ഹീഡ് മാർട്ടിൻ, ജനറൽ ഡൈനാമിക്സ് എന്നീ കമ്പനികൾ ഫൈറ്റർ ജെറ്റ് ഭാഗങ്ങൾ, പ്രിസിഷൻ മിസൈലുകൾ, മെർക്കാവ ടാങ്കുകളിൽ ഉപയോഗിക്കുന്ന 120 എം.എം ടാങ്ക് ഷെല്ലുകൾ എന്നിവക്കുള്ള പ്രത്യേക കരാറുകൾ നേടി. ഗാസ മുനമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ ഇസ്രായിൽ സൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്ന ഡി-9 കവചിത ബുൾഡോസറുകൾക്കുള്ള ഉയർന്ന ഡിമാൻഡ് കാറ്റർപില്ലറിന് പ്രയോജനപ്പെട്ടു. ഇസ്രായിലുമായുള്ള ഭൂരിഭാഗം ഇടപാടുകളും വിമാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന യുദ്ധോപകരണങ്ങളിലും ആക്രമണ വിമാനങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ടാങ്കുകളും കവചിത വാഹനങ്ങളും പോലുള്ള കര ഉപകരണങ്ങൾ മൊത്തം വിൽപ്പനയുടെ വളരെ ചെറിയ ശതമാനത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.
ഗാസ യുദ്ധം വെറുമൊരു സൈനിക സംഘർഷമായിരുന്നില്ല. സമീപ വർഷങ്ങളിൽ വിതരണ ശൃംഖലകളും തൊഴിലാളി സമരങ്ങളുമായും ബന്ധപ്പെട്ട വെല്ലുവിളികൾ നേരിട്ട അമേരിക്കൻ പ്രതിരോധ വ്യവസായത്തിന് ഇത് ഒരു സാമ്പത്തിക അനുഗ്രഹമായിവർത്തിച്ചു. വർധിച്ചുവരുന്ന ഭീഷണികളുടെ വെളിച്ചത്തിൽ സുരക്ഷാ, പ്രതിരോധ സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുന്ന സർക്കാരുകളിൽ നിന്ന് തങ്ങളുടെ പ്രതിരോധ വിഭാഗത്തിന് ശക്തമായ ഓർഡറുകൾ ലഭിക്കുന്നതായി ബോയിംഗ് 2024ലിലെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
ലോക്ക്ഹീഡ് മാർട്ടിൻ മിസൈൽ ഡിവിഷൻ വരുമാനത്തിൽ 13 ശതമാനം വളർച്ച രേഖപ്പെടുത്തി. മിസൈൽ ഡിവിഷൻ വരുമാനം ഒരു വർഷത്തിനുള്ളിൽ 12.7 ബില്യൺ ഡോളറിലെത്തി. സ്ട്രാറ്റജിക് സൈനിക വാഹനങ്ങളുടെ നിർമ്മാതാവായ ഓഷ്‌കോഷ് പോലും, കഴിഞ്ഞ വർഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഉൽപാദന യൂണിറ്റിനെ ഇസ്രായിൽ ഓർഡറുകൾ സംരക്ഷിച്ചുവെന്ന് പ്രസ്താവിച്ചു. ഉക്രെയ്നിലും ഇസ്രായിലിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ 2025ൽ സ്ഥിരതയുള്ള അന്താരാഷ്ട്ര വിൽപ്പന ഉറപ്പുനൽകുന്നതായി ഇസ്രായിലിന് സൈനിക ട്രെയിലറുകൾ വിൽക്കുന്ന യു.എസ് അനുബന്ധ കമ്പനിയുടെ മാതൃസ്ഥാപനമായ ഇറ്റാലിയൻ കമ്പനി ലിയോനാർഡോ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
ഇസ്രായിലിനുള്ള ആയുധ വിതരണത്തിന്റെ ഒരു പ്രധാന ഭാഗം അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് അമേരിക്ക നടത്തുന്നതെങ്കിലും, ചില പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങൾ പ്രതിഷേധ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കാറ്റർപില്ലർ, ഓഷ്‌കോഷ്, പലന്തിർ തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങൾ ഗാസ യുദ്ധത്തിൽ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് മൂന്ന് നോർവീജിയൻ ഫണ്ടുകൾ ഈ കമ്പനികളിൽ നിന്ന് തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിച്ചു. ഡെച്ച് പെൻഷൻ ഫണ്ടും ഇതേ കാരണങ്ങളാൽ കാറ്റർപില്ലറിലെ 44.8 കോടി ഡോളറിന്റെ ഓഹരികൾ വിറ്റു.
2025 ആഗസ്തിൽ ജർമ്മനി ഗാസയിൽ ഉപയോഗിക്കുന്നതിനുള്ള ആയുധങ്ങൾ ഇസ്രായിലിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള എല്ലാ ലൈസൻസുകളും നിർത്തിവെച്ചതായി അറിയിച്ചു. അമേരിക്കൻ സാങ്കേതിക കമ്പനികളും ആഭ്യന്തര സമ്മർദം നേരിട്ടു. ഇത് മൈക്രോസോഫ്റ്റിനെ തങ്ങളുടെ ചില ക്ലൗഡ് സേവനങ്ങളിലേക്കുള്ള ഇസ്രായിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവേശനം നിയന്ത്രിക്കാൻ പ്രേരിപ്പിച്ചു.


പരമ്പരാഗത ആയുധങ്ങൾക്കൊപ്പം, കൃത്രിമ ബുദ്ധി, ഡിജിറ്റൽ നിരീക്ഷണം എന്നീ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള ഘട്ടമായി യുദ്ധം മാറിയിരിക്കുന്നു. യാഥാസ്ഥിതിക ശതകോടീശ്വരനായ പീറ്റർ തീലിന്റെ ഉടമസ്ഥതയിലുള്ള പലന്തിർ, 2024 ന്റെ തുടക്കത്തിൽ ഇസ്രായിൽ പ്രതിരോധ മന്ത്രാലയവുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഗാസയിൽ ബോംബ് വർഷിക്കാൻ പലന്തിറിന്റെ സാങ്കേതികവിദ്യ ഇസ്രായിൽ ഉപയോഗിച്ചതിന് വിമർശിക്കപ്പെട്ടപ്പോൾ, കൊല്ലപ്പെട്ടവർ പ്രധാനമായും ഭീകരരാണ് എന്നാണ് കമ്പനി സി.ഇ.ഒ അലക്സ് കാർപ്പ് പ്രതികരിച്ചത്.
വിപുലമായ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ നൽകാനായി ഇസ്രായിൽ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയുമായി കരാറുകളിൽ ഏർപ്പെട്ടിരുന്നു. ഇസ്രായിലുമായുള്ള സൈനിക സഹകരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ കമ്പനികൾ അവരുടെ ജീവനക്കാരിൽ നിന്ന് പ്രതിഷേധങ്ങൾ നേരിട്ടു. ഇസ്രായിലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അതേ അമേരിക്കൻ കമ്പനികളിൽ ചിലത് ഗാസക്കുള്ള മാനുഷിക സഹായ പദ്ധതികളിലും പങ്കാളികളാണ്. ട്രംപ് ഭരണകൂടത്തിന്റെ മുൻ ഉപദേഷ്ടാവായ ജോണി മൂറിന്റെ മേൽനോട്ടത്തിലുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് യു.എസ് വിദേശ മന്ത്രാലയം ഗാസയിൽ സഹായ വിതരണം ഏകോപിപ്പിക്കുന്നതിന് മൂന്നു കോടി ഡോളർ അനുവദിച്ചു. കുഴപ്പങ്ങൾക്കും, കെടുകാര്യസ്ഥതയെ കുറിച്ചുള്ള ആരോപണങ്ങൾക്കുമിടയിൽ ഫൗണ്ടേഷൻ അതിന്റെ പ്രവർത്തനങ്ങൾ സുരക്ഷിതമാക്കാൻ അമേരിക്കൻ സുരക്ഷാ സ്ഥാപനങ്ങളുടെ സഹായം തേടിയിരുന്നു.



