‘ലോകത്തിലെ ഏറ്റവും ദയാലുവായ ജഡ്ജി’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജഡ്ജിയും ‘Caught in Providence’ എന്ന ടെലിവിഷൻ പരിപാടിയുടെ താരവുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്നുള്ള അദ്ദേഹത്തിന്റെ മരണം ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കുടുംബം സ്ഥിരീകരിച്ചു.
‘അനുകമ്പ, വിനയം, മനുഷ്യരിലെ നന്മയിൽ അചഞ്ചലമായ വിശ്വാസം എന്നിവയാൽ പ്രിയപ്പെട്ടവനായിരുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ, തന്റെ കോടതിമുറിയിലെ പ്രവർത്തനങ്ങളിലൂടെയും അതിനപ്പുറവും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളത, ഹാസ്യം, ദയ എന്നിവ അദ്ദേഹത്തെ അറിയാവുന്ന എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിരുന്നു.’ –
കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മനുഷ്യത്വം കൊണ്ട് വൈറലായ ജഡ്ജി
ഫ്രാങ്ക് കാപ്രിയോയെ ലോകമെമ്പാടും പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടിയായ ‘Caught in Providence’ ആണ്. 2000-ത്തിൽ റോഡ് ഐലൻഡിലെ PEG ആക്‌സസ് ടെലിവിഷനിൽ ആരംഭിച്ച ഈ പരിപാടി, പിന്നീട് ABCയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. കോടതിമുറിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ, പ്രത്യേകിച്ച് ട്രാഫിക് ലംഘനങ്ങൾ പോലുള്ള ചെറിയ കേസുകളിൽ അദ്ദേഹം കാണിച്ച അനുകമ്പയും ഹാസ്യവും, യൂട്യൂബിലും ടിക്ടോക്കിലും വൈറലായി. 2.92 ദശലക്ഷം സബ്സ്‌ക്രൈബർമാരുള്ള ‘Caught in Providence’ യൂട്യൂബ് ചാനലും, 1.6 ദശലക്ഷം ടിക്ടോക്ക് ഫോളോവേഴ്സും, 3 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സും അദ്ദേഹത്തിന്റെ ആഗോള പ്രശസ്തിയുടെ തെളിവായി.
പ്രതികളോടുള്ള മനുഷ്യത്വപരമായ സമീപനമായിരുന്നു ഫ്രാങ്ക് കാപ്രിയോയുടെ വിധി ന്യായങ്ങളുടെ പ്രത്യേകത. ചെറിയ വരുമാനക്കാർ, വൃദ്ധർ, രോഗികൾ, വിധവകൾ തുടങ്ങിയവരോട് അനുകമ്പാപൂർണമായ നിലപാടാണ് അദ്ദേഹം പുലർത്തിയത്. കുട്ടികൾക്കും അദ്ദേഹത്തിന്റെ കോടതിയിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പല നിയമലംഘനങ്ങളിലും കോടതി മുറിയിലെ കുട്ടികളെക്കൊണ്ട് വിധി പറയിച്ചും അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി.
2023 ഡിസംബറിൽ, തന്റെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഫ്രാങ്ക് കാപ്രിയോയ്ക്ക് പാൻക്രിയാറ്റിക് ക്യാൻസർ സ്ഥിരീകരിച്ചത്. ‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ജന്മദിനങ്ങളിൽ ഒന്നല്ല,’ എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ബോസ്റ്റണിലെയും റോഡ് ഐലൻഡിലെയും മെഡിക്കൽ വിദഗ്ധരുടെ ചികിത്സയിൽ, ആറ് മാസത്തെ കീമോതെറാപ്പിയും അഞ്ച് റേഡിയേഷൻ ചികിത്സകളും അദ്ദേഹം പൂർത്തിയാക്കി. 2024 മേയിൽ, ബാപ്റ്റിസ്റ്റ് ഹെൽത്ത് മിയാമി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന റേഡിയേഷൻ ചികിത്സ പൂർത്തിയാക്കിയ അദ്ദേഹം, ‘ക്യാൻസർ ബെൽ’ മുഴക്കി, തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, 2025 ഓഗസ്റ്റ് 19-ന്, ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയിൽ, തന്റെ ആരോഗ്യനില മോശമായതായി അദ്ദേഹം വെളിപ്പെടുത്തി. ‘നിങ്ങളുടെ പ്രാർത്ഥനകൾ എന്റെ ആത്മാവിനെ ഉയർത്തും,’ എന്ന് അദ്ദേഹം ലോകമെങ്ങുമുള്ള ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ചു. ‘പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ, 2025 ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 2:15-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
എളിയ തുടക്കം, മാതൃകാ ജീവിതം
1936 നവംബർ 25-ന് റോഡ് ഐലൻഡിലെ പ്രോവിഡൻസിലെ ഇറ്റാലിയൻ-അമേരിക്കൻ വംശജരായ ഫെഡറൽ ഹിൽ എന്ന സമുദായത്തിൽ ജനിച്ച അദ്ദേഹം എളിയ സാഹചര്യങ്ങളിലാണ് വളർന്നത്. പഴക്കച്ചവടക്കാരനായ പിതാവിന്റെയും ഗൃനാഥയായ മാതാവിന്റെയും മൂന്ന് മക്കളിൽ രണ്ടാമനായ അദ്ദേഹം ചെറുപ്പത്തിൽ തന്നെ കഠിനാധ്വാത്തിന്റെയും മാനുഷിക പ്രതിബദ്ധതിയുടെയും മൂല്യങ്ങൾ പഠിച്ചെടുത്തിരുന്നു.
കുട്ടിക്കാലത്ത്, ഷൂ പോളിഷ് ചെയ്യുക, പത്രം വിതരണം ചെയ്യുക, പാൽ വണ്ടിയിൽ ജോലി ചെയ്യുക തുടങ്ങിയ ജോലികൾ ചെയ്താണ് ഫ്രാങ്ക് കാപ്രിയോ വളർന്നത്. പ്രോവിഡൻസിലെ സെൻട്രൽ ഹൈസ്‌കൂളിൽ നിന്ന് 1953-ൽ ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യനായി. 1958-ൽ പ്രോവിഡൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ഹോപ്പ് ഹൈസ്‌കൂളിൽ അമേരിക്കൻ ഗവൺമെന്റ് പഠിപ്പിച്ചുകൊണ്ട് ബോസ്റ്റണിലെ സഫോൾക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ രാത്രി ക്ലാസുകൾ എടുത്തിരുന്നു. 1954 മുതൽ 1962 വരെ റോഡ് ഐലൻഡ് ആർമി നാഷണൽ ഗാർഡിൽ 876-ാം കോംബാറ്റ് എൻജിനീയർ ബറ്റാലിയനിലും സേവനമനുഷ്ഠിച്ചു.
1962ൽ പ്രോവിഡൻസ് സിറ്റി കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1968 വരെ സേവനമനുഷ്ഠിച്ചു. 1970-ൽ റോഡ് ഐലൻഡ് അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1985-ൽ പ്രോവിഡൻസ് മുനിസിപ്പൽ കോടതിയിൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2023 വരെ ഈ സ്ഥാനത്ത് തുടർന്നു.
1965-ൽ ജോയ്സ് ഇ. കാപ്രിയോയെ വിവാഹം കഴിച്ച ഫ്രാങ്ക്, 60 വർഷത്തിലേറെ അവരോടൊപ്പം ജീവിച്ചു. ദമ്പതികൾക്ക് അഞ്ച് മക്കളുണ്ട്.