റിയാദ്: റിയാദില്‍ മകന്റെ കുത്തേറ്റു മരിച്ച മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. റിയാദ് ഹാരയിൽ മകന്റെ കുത്തേറ്റ് മരിച്ച ആന്ധ്രാപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ശ്രീദേവി (54) എന്നിവരുടെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇരുവരെയും കുത്തി കൊലപ്പെടുത്തിയ ശേഷം മകന്‍ പ്രഭാകര്‍ (17) ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
താന്‍ മാതാപിതാക്കളെ കൊന്നതായി മകന്‍ പ്രഭാകര്‍ ബന്ധുക്കളെ ഇന്‍സ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. ശേഷം രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബെഡ്‌റൂമിലാണ് ഗാലി രവിയും ശ്രീദേവിയും മരിച്ചുകിടന്നിരുന്നത്. ശരീരമാസകലം മുറിവുകളുണ്ട്. ഗാലി രവി ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനാണ്. ശ്രീദേവി ഡല്‍ഹി പബ്ലിക് സ്‌കൂള്‍ അധ്യാപികയുമായിരുന്നു. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഇന്നലെ നാട്ടിലെത്തിച്ചു. മകന്റെത് ഇന്ന് കൊണ്ടുപോകും. സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുസമ്മില്‍, ബിനു എന്നിവരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.



