തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ചൂഷണ ആരോപണ കേസിൽ അതിജീവിതയുടെ മൊഴി നിർണായകമാകുമെന്ന് ക്രൈംബ്രാഞ്ച്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. പരാതി നൽകിയില്ലെങ്കിലും ഇവർ മൊഴി നൽകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. ഇത് കേസിന് നിർണായക തെളിവ് നൽകുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
നിലവിൽ 13 പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാം മൂന്നാം കക്ഷികളുടേതാണ്. നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവർ വിരളമാണ്. ഒന്നോ രണ്ടോ പരാതികൾ മാത്രമാണ് ഇത്തരത്തിൽ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിൽ വഴിയാണ്. പരാതിക്കാരെ വിളിച്ചുവരുത്തി എഴുതി വാങ്ങാനും കൂടുതൽ വിവരങ്ങളോ തെളിവുകളോ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്ത്രീകളെ ശല്യപ്പെടുത്തിയെന്ന കുറ്റത്തിന് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
രാഹുലിനെതിരെ റിനി ആൻ ജോർജ്, അവന്തിക വിഷ്ണു, ഹണി ഭാസ്കർ എന്നിവർ ഉന്നയിച്ച ആരോപണങ്ങളുടെ മൊഴികൾ ചൊവ്വാഴ്ച രേഖപ്പെടുത്തും. മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം പരാതികളും. ഒരു ഓഡിയോ ക്ലിപ്പിൽ രാഹുൽ ഒരു സ്ത്രീയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിക്കപ്പെട്ടിരുന്നു, എന്നാൽ രാഹുൽ ഈ ഓഡിയോ വ്യാജമാണെന്ന് വാദിക്കുന്നു.
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിൽ രാഹുലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഈ കേസിൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടില്ല. മൊബൈൽ ആപ്പിന്റെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കാത്തതിനാൽ പൊലീസ് വീണ്ടും കോടതിയെ സമീപിക്കും.