വാഷിംഗ്ടൺ– മൂന്നു വയസ്സുള്ള ഫലസ്തീൻ-അമേരിക്കൻ മുസ്ലിം ബാലികയെ നീന്തൽ കുളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്. വംശീയ പ്രേരിതമായാണ് യുവതി ബാലികയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പോലീസ് കുറ്റപത്രം. കൊലപാതക ശ്രമം, കുട്ടിയെ ശാരീരികമായി പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനെ തുടർന്നാണ് 43 കാരിയായ എലിസബത്ത് വുൾഫിന് ശിക്ഷ വിധിച്ചത്. ടെക്‌സസിലെ ജഡ്ജി ആൻഡി പോർട്ടറാണ് കേസിൽ വിധി പറഞ്ഞതെന്ന് സി.ബി.എസ് ന്യൂസും ഫോർട്ട് വർത്ത് സ്റ്റാർ-ടെലിഗ്രാം പത്രവും റിപ്പോർട്ട് ചെയ്തു.
2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നെത്ത പ്രസിഡന്റ് ജോ ബൈഡൻ യുവതിയുടെ പ്രവർത്തിയെ അപലപിച്ചിരുന്നു. ടെക്സസിലെ യൂലെസ്സിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ നീന്തൽ കുളത്തിലാണ് മുക്കി കൊല്ലാൻ ശ്രമിച്ചത്. നീന്തൽ കുളത്തിൽ വെച്ച് എലിസബത്ത് വുൾഫ് ബാലികയുടെ അമ്മയുമായി തർക്കത്തിൽ ഏർപ്പെടുകയും മൂന്നു വയസുകാരിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചതായും ആറു വയസുകാരനായ ബാലികയുടെ സഹോദരനെ പിടിക്കാൻ ശ്രമിച്ചതായും പോലീസ് റിപ്പോർട്ട് പറയുന്നു.
നീന്തൽ കുളത്തിലേക്ക് ചാടി കുട്ടികളെ പിടിച്ച് മുക്കിക്കൊല്ലാൻ ശ്രമിക്കുന്നതിന് മുമ്പ് വുൾഫ് വംശീയ പരാമർശങ്ങൾ നടത്തിയതായി കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ അമ്മ കുട്ടികളെ സഹായിക്കാൻ കുളത്തിലേക്ക് ചാടി. ബാലൻ പോറലുകളുമായി രക്ഷപ്പെട്ടു. പക്ഷേ, ബാലികക്ക് അക്രമിയിൽ നിന്ന് സ്വയം മോചിതയാകാൻ കഴിഞ്ഞില്ല. വുൾഫ് കുട്ടികളുടെ അമ്മയുടെ ശിരോവസ്ത്രം വലിച്ചെടുത്ത് അത് ഉപയോഗിച്ച് അവരെ അടിക്കുകയും അകറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് ബാലികയുടെ തല യുവതി വെള്ളത്തിൽ മുക്കി. മറ്റൊരാൾ വെള്ളത്തിലേക്ക് ചാടിയാണ് ബാലികയെ അക്രമിയുടെ കൈയിൽ നിന്ന് രക്ഷിച്ചത്. കുട്ടികളുടെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീയോട്, കുടുംബത്തെ മൊത്തം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു
.
തുടക്കത്തിൽ വുൾഫിനെതിരെ മദ്യപാന കുറ്റം മാത്രമേ ചുമത്തിയിരുന്നുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ അവരെ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് അവരെ വീണ്ടും അറസ്റ്റ് ചെയ്യുകയും ബാലികയെ ആക്രമിച്ചതിനും കൊലപാതകശ്രമത്തിനും കേസെടുക്കുകയുമായിരുന്നു.
2023 ഒക്ടോബർ ഏഴിന് ഇസ്രായിലിൽ ഹമാസ് നടത്തിയ പ്രതിരോധ ആക്രമണത്തെ തുടർന്ന് ഇസ്രായിൽ ആരംഭിച്ച വംശഹത്യക്ക് ശേഷം അമേരിക്കയിൽ മുസ്ലിംകൾക്കും അറബികൾക്കും ജൂതന്മാർക്കുമെതിരെ ഭീഷണികൾ വർധിച്ചതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഇല്ലിനോയിസിൽ ആറു വയസുകാരനായ ഫലസ്തീൻ-അമേരിക്കൻ ബാലനെയും ടെക്സസിൽ ഫലസ്തീൻ-അമേരിക്കൻ പൗരനെയും കൊലപ്പെടുത്തിയതായും കാലിഫോർണിയയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് നേരെ ജനക്കൂട്ടം ആക്രമണം, ഫ്ളോറിഡയിൽ രണ്ട് ഇസ്രായിലി സന്ദർശകരെ ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം, ന്യൂയോർക്ക് സിറ്റിയിൽ അറബികൾക്ക് മരണം എന്ന് ആക്രോശിച്ചുകൊണ്ട് ഇസ്രായിൽ അനുകൂല ജനക്കൂട്ടം നടത്തിയ ആക്രമണം എന്നിങ്ങനെ മുസ്ലിം വിരുദ്ധ സംഭവങ്ങൾ വർധിച്ചിരുന്നു.