കൊച്ചി– കോതമംഗലത്ത് വിഷം ഉള്ളിൽ ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺസുഹൃത്ത് കുറ്റം സമ്മതിച്ചത്. ചേലാട് സ്വദേശിയായ അദീനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലാൻ ഉപയോഗിച്ചത് കളനാശിനിയെന്നും പ്രതി മൊഴി നൽകി.
വ്യായാഴ്ച പുലർച്ചെയാണ് മാലിപ്പാറയിൽ അദീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് അൻസിൽ എത്തിയത്. ഈ അടുത്ത് ഇരുവരുടെയും ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അൻസിലിനെതിരെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഇവർ വീണ്ടും ഒരുമിക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് അൻസിൽ പോലീസിനെ വിളിച്ച് തനിക്ക് ശാരീരിക ബുദ്ധിുട്ടുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു. അൻസിൽ വിഷം കഴിച്ചെന്നാണ് പെൺസുഹൃത്ത് യുവാവിന്റെ മാതാവിനോട് വിളിച്ച് പറഞ്ഞത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് അദീന വിഷം നൽകിയ വിവരം അൻസിൽ സഹോദരനോട് പറയുന്നത്.
ഇന്നലെ രാത്രിയോടെ അൻസിൽ മരണപ്പെട്ടു. കുടുംബത്തിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം യുവതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചതിനാൽ കൊലപാതക കുറ്റം ചുമത്തി കേസ് എടുക്കും. പ്രതിയുടെ വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വിഷം അടങ്ങിയ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.