എഐ സാങ്കേതികവിദ്യ അരങ്ങുവാഴുന്ന ഇക്കാലത്തും പേജർ എന്ന ആശയവിനിമയ ഉപകരണം ഉപയോഗത്തിലുണ്ടോ? ലെബനോനിൽ കഴിഞ്ഞ പേജറുകൾ പാെട്ടിത്തെറിച്ച് നിരവധി പേർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്യാനിടയായ സംഭവമാണ് പേജറുകളെ വീണ്ടും സജീവ ചർച്ചയിലെത്തിച്ചത്. മൊബൈൽ ഫോണുകൾക്ക് മുമ്പ് ഏറെ പേർ ഉപയോഗിച്ചിരുന്ന മെസേജിങ് ഉപകരണമാണ് പേജർ. ഇതുവഴി കോളുകൾ ചെയ്യാൻ കഴിയില്ല. പേജറുകളുടെ പ്രവർത്തനത്തെ കുറിച്ച് തിരുവനന്തപുരത്തെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ICFOSS) ഡയറക്ടർ ഡോ. സുനിൽ തോമസ് വിശദമാക്കുന്നു.
സെൽഫോണുകൾ വ്യാപകമാകുന്നതിന് മുൻപ്, പേജറുകൾ വർഷങ്ങളോളം വളരെ ജനപ്രിയമായിരുന്നു. ഇന്ത്യയിൽ ഏകദേശം 2003 വരെ വാണിജ്യ അടിസ്ഥാനത്തിൽ പേജിംഗ് സർവീസുകൾ നിലനിന്നിരുന്നു. മൊബൈൽ ഫോണുകൾ വ്യാപകമായ തോടുകൂടി മിക്ക പേജിംഗ് കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചു. എങ്ങിനെയാണ് പേജറുകൾ പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ ശ്രമിക്കാം. പേജറിൻ്റെ പ്രവർത്തനം കാണിക്കുന്ന ചിത്രം താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കിയാൽ നിങ്ങൾക്ക് പ്രവർത്തനരീതി ഏകദേശം മനസ്സിലാകും.
ഒരു ഉപഭോക്താവായി നിങ്ങൾക്ക് പേജർ സജ്ജീകരിക്കാൻ വളരെ അധികം കാര്യങ്ങൾ ചെയ്യേണ്ടതില്ല. നിങ്ങൾ ഒരു പേജർ വാങ്ങുമ്പോൾ, അതിന് ഒരു ഫോൺ നമ്പർ അനുവദിക്കുന്നു. ആ നമ്പറിലേക്ക് ആരെങ്കിലും വിളിക്കുമ്പോൾ, വിളി പേജിംഗ് ഓപ്പറേറ്ററിലേക്ക് പോകുന്നു. അവിടെ അവർ നിങ്ങൾക്ക് ഉപഭോക്താവിന് കൊടുക്കേണ്ട സന്ദേശം സ്വീകരിക്കുകയും ആ സന്ദേശത്തെ റേഡിയോ തരംഗങ്ങൾ വഴി പേജറിലേക്ക് അയക്കുകയും ചെയ്യും.
പേജർ ഓപ്പറേറ്ററിന് ശക്തമായ റേഡിയോ സിഗ്നൽ അയയ്ക്കാൻ ട്രാൻസ് മീറ്റിംഗ് ഉപകരണങ്ങളുണ്ട് (സാധാരണയായി സെൽഫോൺ സിഗ്നലുകളേക്കാൾ ഇവ ശക്തമാണ്). ഈ ട്രാൻസ്മിറ്ററിൽ നിന്നും സന്ദേശങ്ങൾ ഒരു ആൻറിന വഴി പ്രക്ഷേപണം ചെയ്യുന്നു. ഈ സിഗ്നൽ ഒരേസമയംട്രാൻസ് മീറ്ററിന്റെ പരിധിയിലുള്ള എല്ലാ പേജറുകൾക്കും അയക്കും. പക്ഷെ ഒരു പ്രത്യേക പേജറിന് മാത്രമാകും സന്ദേശം സ്വീകരിക്കാനാവുക.
നിങ്ങളുടെ പേജർ അതിലേക്ക് വരുന്ന സന്ദേശങ്ങൾ മാത്രം സ്വീകരിക്കും. തുടർന്ന് പേജറിലെ കുഞ്ഞൻ ഡിസ്പ്ല യിൽ സന്ദേശം പ്രദർശിപ്പിക്കും. പേജിങ്ങ് സന്ദേശങ്ങൾ ഒരു ദിശയിൽ മാത്രമാണ് അയക്കപ്പെടുക അതിനാൽ പലപ്പോഴും സന്ദേശം അയക്കുന്ന ആളെ അവർ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോൺ നമ്പർ കൂടി സന്ദേശത്തി നൊപ്പം അയക്കും.
ഒരേ ഫ്രീക്വൻസി ബാൻഡ്/പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന എല്ലാ പേജറുകളും സിഗ്നലുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും, അവയിൽ ലക്ഷ്യമിടുന്ന ഒരു പേജറിൽ മാത്രമേ സന്ദേശം ലഭ്യമാകുകയുള്ളൂ. വിവിധ പേജിംഗ് പ്രോട്ടോക്കോളുകളും പേജറുകളുടെ പലതരങ്ങളും ഉള്ളതിനാൽ, പേജർ സ്വീകരിക്കുന്ന/ഉപയോഗിക്കുന്ന വിവരങ്ങളും വ്യത്യസ്തമാണ്. പേജറുകൾ 35-36, 43-44, 152-159, and 454-460 MHz എന്നിങ്ങനെ പല ഫ്രീക്വൻസി ബാൻഡുകളിലും പ്രവർത്തിക്കാറുണ്ട്. പലപ്പോഴും ഇവയുടെ റേഞ്ച് റേഡിയോ സിഗ്നൽ അയക്കുന്ന ടവറിൻ്റെ ലൈൻ ഓഫ് സൈറ്റിന് ഉള്ളിലായിരിക്കും.
ഒരു കാലത്ത് തിരികെ സന്ദേശങ്ങൾ അയക്കാൻ പറ്റുന്ന പേജറുകളും പരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ അവ അത്ര ജനപ്രീയ മായില്ല. പിന്നീട് സെൽഫോണുകളുടെ വരവോടെ പേജറുകൾ കാലഹരണപ്പെട്ടു. പകരം SMS സന്ദേശങ്ങൾ വ്യാപകമായി. എങ്കിലും ചിലയിടങ്ങളിൽ പേജറുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. അത്തരം ഒരു പേജിങ് നെറ്റ് വർക്കിലെ പേജറുകളാണ് ലെബനോനിൽ പൊട്ടിത്തെറിച്ചത്.