ന്യൂയോർക്ക്- ഇന്ത്യൻ വംശജനായ അമേരിക്കൻ ടെക്കി, സബിഹ് ഖാനെ ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) നിയമിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കൻ ടെക് ഭീമനായ ആപ്പിളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സബിഹ് ഖാൻ ഈ മാസം അവസാനം ചുമതലയേൽക്കും. നിലവിലുള്ള സി.ഒ.ഒ ജെഫ് വില്യംസ് ചുമതല ഈ മാസം പദവി ഒഴിയും. അതേസമയം, ജെഫ് വില്യംസ് ഈ വർഷം അവസാനം വിരമിക്കുന്നതുവരെ കമ്പനിയിൽ തുടരും, ഡിസൈൻ ടീമിനെയും ആപ്പിൾ വാച്ച് ഡിവിഷനെയും അദ്ദേഹം നയിക്കും. നിലവിൽ കമ്പനിയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് സബീഹ് ഖാൻ. ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളിൽ ഒരാളുമാണ് സാബിഹ് ഖാൻ എന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു.
ഹൃദയാർദ്രമായും മൂല്യങ്ങളോടെയും ആപ്പിളിനെ നയിക്കുന്ന സബീഹ് ഖാൻ തങ്ങളുടെ ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരിക്കുമെന്നും ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതിൽ ആപ്പിളിന് വേഗതയുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം സഹായിച്ചുവെന്നും ടിം കുക്ക് കൂട്ടിച്ചേർത്തു.
സബിഹ് ഖാൻ ആരാണ്?
1966-ൽ ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സബിഹ് ഖാൻ ജനിച്ചത്. ഇദ്ദേഹത്തിന്റെ പത്താം വയസിൽ കുടുംബം സിംഗപ്പൂരിലേക്ക് താമസം മാറ്റി. സിംഗപ്പൂരിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിൽ ഉന്നത പഠനം നടത്തി. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലും സാമ്പത്തിക ശാസ്ത്രത്തിലും ഇരട്ട ബാച്ചിലേഴ്സ് ബിരുദം നേടി. തുടർന്ന് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ആർപിഐ) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. GE പ്ലാസ്റ്റിക്സിൽ (ഇപ്പോൾ SABIC) ചേർന്ന അദ്ദേഹം ആപ്ലിക്കേഷൻ ഡെവലപ്‌മെന്റായും കീ അക്കൗണ്ട് ടെക്‌നിക്കൽ ലീഡറായും പ്രവർത്തിച്ചു. 1995-ൽ ആപ്പിളുമായി പ്രവർത്തിക്കാൻ തുടങ്ങി. ടെക് കമ്പനിയിലെ 30 വർഷത്തെ സേവനത്തിനിടയിൽ, ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2019-ൽ, സബീഹ് ഖാൻ, ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റായി.
ആസൂത്രണം, സംഭരണം, നിർമ്മാണം, ലോജിസ്റ്റിക്‌സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനു പുറമേ, ഉൽപ്പന്ന ഗുണനിലവാരത്തിന്റെ ചുമതലയും സബീഹ് ഖാൻ വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിർമ്മാണ സൈറ്റുകളിലെ ജീവനക്കാരെ പരിശീലിപ്പിക്കുന്ന ചുമതലയും നിർവഹിച്ചു. ആപ്പിളിന്റെ കാർബൺ ബഹിർഗമനം 60 ശതമാനത്തിലധികം കുറച്ചതിന് പിന്നിലും സഹീബ് ഖാനായിരുന്നു. ആപ്പിളിന്റെ പ്രവർത്തനം അമേരിക്കയിൽ വ്യാപിപ്പിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകളും അത്യാധുനിക രീതികളും അദ്ദേഹം അവതരിപ്പിച്ചു.