കാലിഫോര്‍ണിയ: പുതിയ ഐഫോണ്‍ സീരിസിന് വില കൂട്ടുന്ന കാര്യം നിര്‍മാതാക്കളായ ആപ്പിള്‍ പരിഗണിക്കുന്നതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്. യുഎസ് ചൈനയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ തീരുവയെ ഈ വില കയറ്റവുമായി ബന്ധിപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആപ്പിള്‍ ഡിവൈസുകള്‍ ഭൂരിപക്ഷവും അസംബില്‍ ചെയ്യുന്നത് ചൈനയിലാണ്. അതുകൊണ്ട് തന്നെ ആമസോണിനു കിട്ടിയതു പോലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ശകാരം ഒഴിവാക്കുകയാണ് ലക്ഷ്യം. പകരം പുതിയ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവ എടുത്തു പറഞ്ഞായിരിക്കും ഐഫോണിന്റെ വില വര്‍ധിപ്പിക്കുക എന്നാണ് സൂചന.
യുഎസ് ഏര്‍പ്പെടുത്തിയ തീരുവയുടെ ബാധ്യത ഉപഭോക്താക്കളും വഹിക്കേണ്ടി വരുമെന്ന് ആമസോണ്‍ പറഞ്ഞത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഇതൊരു ശത്രുതാപരമായ നീക്കമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു നീക്കത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഒരിക്കലും സംഭവിക്കില്ലെന്നും പറഞ്ഞ് ആമസോണ്‍ തടിയൂരുകയായിരുന്നു. ആപ്പിളും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു എന്നുവേണമെങ്കില്‍ പറയാം. തീരുവയില്‍ തൊടാതെ മറ്റു കാര്യങ്ങളുമായാണ് വില വര്‍ധനയെ ആപ്പിള്‍ ബന്ധിപ്പിക്കുക. ഉയര്‍ന്ന തീരുവ ബാധ്യത മറികടക്കാന്‍ ഇപ്പോള്‍ ഐഫോണ്‍ വലിയൊരളവില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. തീരുവ കാരണം ഈ പാദത്തില്‍ മാത്രം 90 കോടി ഡോളര്‍ അധിക ചെലവ് പ്രീക്ഷിക്കുന്നതായി ആപ്പിള്‍ മേധാവി ടിം കുക്ക് നേരത്തെ പറഞ്ഞിരുന്നു. ഇതൊക്കെ കാരണം അധിക ഉല്‍പ്പാദനം കമ്പനി ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ട്.
ഐഫോണ്‍ 17 എന്നെത്തും?
ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും. ഇത്തവണ വളരെ കനം കുറഞ്ഞ ഐഫോണ്‍ മോഡല്‍ കൂടി എത്തുമെന്ന് ലീക്കായ പല വാര്‍ത്തകളും പറയുന്നു. ഐഫോണ്‍ 16 സീരീസിലെ 12 എംപി സെന്‍സറിനു പകരം 48 എംപി ടെലിഫോട്ടോ ലെന്‍സായിരിക്കും പുതിയ സീരിസിലെന്നും പറയപ്പെടുന്നു. കൂടാതെ ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ ആപ്പിളിന്റെ പുതു തലമുറ എ19 പ്രോ ചിപ്പുകളായിരിക്കുമെന്നും റിപോര്‍ട്ടുണ്ട്.