പാരിസ്: സാധാരണ ടീഷര്‍ട്ടും ജീന്‍സും. ഷൂട്ടിങ് താരങ്ങള്‍ ധരിക്കുന്ന വേഷമില്ല. സുരക്ഷാ മുന്‍കരുതലുമില്ല. ഫൈനല്‍ വിസിലടിച്ചപ്പോള്‍ യൂസഫ് ഒരു കൈ പാന്റിന്റെ പോക്കറ്റിലിട്ടു. കൂളായി ഒരൊറ്റ ഷോട്ട്. കാഞ്ചി വലിച്ചതാവട്ടെ വെള്ളി മെഡലിലേക്ക്. നേരിയ വ്യത്യാസത്തിന് നഷ്ടം സ്വര്‍ണം മെഡല്‍. ഇത് തുര്‍ക്കിയുടെ യുവ രക്തമല്ല. 51 കാരനായ യൂസഫ് ഡിക്കെച്ചിനെകുറിച്ചാണ് പറയുന്നത്. ഇന്ന് പാരിസ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സഹതാരത്തോടൊപ്പം വെള്ളി മെഡല്‍ നേടിയ താരമാണ് യൂസഫ്. തുര്‍ക്കിയുടെ വനിതാ താരം സെവ്വാല്‍ ഇലയ്ദാ ടര്‍ഹാനൊപ്പമാണ് യൂസഫ് ഒളിംപിക്‌സ് വേദിയില്‍ മിക്‌സഡ് ഇനത്തില്‍ മത്സരിച്ചത്.
യൂസഫിന്റെ വേഷവിധാനവും ശൈലിയുമാണ് അദ്ദേഹത്തെ പാരിസില്‍ വ്യത്യസ്തനാക്കുന്നത്. താരത്തിന്റെ ശൈലി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. നിരവധി പേരാണ് യൂസഫിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷൂട്ടിങ് താരങ്ങള്‍ മല്‍സരത്തിനായി പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. പ്രത്യേക തരം സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാറുണ്ട്. കൂടാതെ ലക്ഷ്യം എളുപ്പമാവാന്‍ പ്രത്യേക തരം കണ്ണടകളും ധരിക്കാറുണ്ട്. എന്നാല്‍ യൂസഫ് താന്‍ സ്ഥിരം ധരിക്കുന്ന കണ്ണടയാണ് ധരിച്ചത്. വെടിയൊച്ചകളില്‍ നിന്ന് സുരക്ഷ നേടാന്‍ താരങ്ങള്‍ പ്രത്യേക തരം ഉപകരണം ധരിക്കാറുണ്ട്. ഇതൊന്നുമില്ലാതെയായിരുന്നു യൂസഫിന്റെ പോരാട്ടം. ഷൂട്ടിങ് മല്‍സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കുള്ള ഗെറ്റ് അപ്പ് ഒന്നും യൂസഫിനില്ലായിരുന്നു. ഒരു വഴിപോക്കാന്‍ വന്ന് വെടിവച്ചിടുന്ന പ്രതീതിയിലാണ് യൂസഫ് ഇന്ന് മല്‍സരിച്ചത്.
സഹതാരങ്ങള്‍ എല്ലാം എല്ലാവിധ മുന്നൊരുക്കത്തോടെ എത്തിയപ്പോള്‍ യൂസഫ് വ്യത്യസ്തനായിരുന്നു. അതുകൊണ്ട് ഏവരുടെയും ശ്രദ്ധ യൂസഫിലായിരുന്നു. യൂസഫ് ആ ശ്രദ്ധയ്ക്ക് നല്‍കിയ വിലയായിരുന്നു വെള്ളി മെഡല്‍.
”സവിശേഷമായ ലെന്‍സുകളോ, കവറോ ചെവിക്ക് സുരക്ഷ നല്‍കുന്ന ഉപകരണങ്ങളോ ഇല്ലാതെ, ഒരു അന്‍പത്തൊന്നുകാരനെ തുര്‍ക്കി ഷൂട്ടിങ് മത്സരത്തിന് അയച്ചു. അദ്ദേഹം വെള്ളിമെഡലുമായി മടങ്ങി’ ഒരു ആരാധകന്‍ യൂസഫിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഈ പോസ്റ്റിന് സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ മറുപടി കുറിക്കുകയും ചെയ്തു. ‘മനുഷ്യാ, ഇത് ഒളിംപിക്‌സ് വേദിയാണ്’ എന്ന് യൂസഫിനെ ഓര്‍മിപ്പിച്ചവരുമുണ്ട്. ‘തുര്‍ക്കി ഒരു ഹിറ്റ്മാനെ ഒളിംപിക്‌സിന് അയച്ചിട്ടുണ്ടോ?’ മറ്റൊരു ആരാധകന്‍ എക്‌സില്‍ കുറിച്ചു.
മാത്രമല്ല, ഒളിംപിക് വേദിയിലെ തുടക്കക്കാരനല്ല യൂസഫ്. ഇത് അഞ്ചാം തവണയാണ് യൂസഫ് ഷൂട്ടിങ് മത്സരത്തിനായി ഒളിംപിക് വേദിയിലെത്തുന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലായിരുന്നു യൂസഫിന്റെ അരങ്ങേറ്റം. എങ്കിലും തന്റെ തനതായ ശൈലിയില്‍ മത്സരിച്ച് അദ്ദേഹത്തിന് ആദ്യമായി ഒളിംപിക് വേദിയില്‍ മെഡല്‍ നേടാനായത് ഇത്തവണയാണെന്നു മാത്രം. 2006ല്‍ 25 മീറ്റര്‍ സെന്റര്‍ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 597 പോയിന്റ് നേടി ലോക റെക്കോര്‍ഡും കുറിച്ചിട്ടുണ്ട് ഇദ്ദേഹം. നോര്‍വെയിലെ റെനയില്‍ നടന്ന മത്സരത്തിലായിരുന്നു യൂസഫിന്റെ റെക്കോര്‍ഡ് പ്രകടനം.
ഇന്ന് കടുത്ത പോരാട്ടത്തിനൊടുവില്‍ 1614നാണ് എതിരാളികള്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ സെര്‍ബിയന്‍ ജോടികളായ സോറാന അരുനോവിക് ദാമിര്‍ മിക്കെച്ച് സഖ്യത്തിനെതിരെ ഒരു ഘട്ടത്തില്‍ 8-2നു മുന്‍പിലായിരുന്ന യൂസഫ് സെവ്വാല്‍ സഖ്യം, പിന്നീട് പിന്നാക്കം പോയി 16-14ന് സ്വര്‍ണ മെഡല്‍ അടിയറവു വയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സാക്ഷാല്‍ മനു ഭാക്കറും സരബ്‌ജ്യോത് സിങ്ങും കഴിഞ്ഞ ദിവസം രണ്ടാം വെങ്കല മെഡല്‍ നേടിയത് ഇതേയിനത്തിലാണ്.