ഡര്ബന്: 10 വര്‍ഷമായി ഈ നിമിഷത്തിന് വേണ്ടിയാണ് താന്‍ കാത്ത് നിന്നതെന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ച്വറിയും ചരിത്ര നേട്ടവും സ്വന്തമാക്കിയ സഞ്ജു സാംസണ്. ആതിഥേയര്‍ക്കെതിരേ സെഞ്ച്വറിയും വിജയവും നേടിയ ശേഷം താരം പ്രതികരിക്കുകയായിരുന്നു. ഒരുപാട് ചിന്തിച്ചാല്‍ ഞാന്‍ വികാരാധീനനാകും. പത്ത് വര്‍ഷമായി ഞാന്‍ ഈ നിമിഷത്തിനായി കാത്തിരുന്നു, ഞാന്‍ വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. എന്റെ കാലുകള്‍ നിലത്ത് നില്‍ക്കാനും ഈ നിമിഷത്തില്‍ ആയിരിക്കാനും ആസ്വദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു; സഞ്ജു കൂട്ടിച്ചേര്‍ത്തു. പന്ത് അടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും അതില്‍ മാത്രമായിരുന്നു ശ്രദ്ധയെന്നും സഞ്ജു പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്. ഇതാദ്യമാണ് ഒരു ഇന്ത്യന്‍ താരം ടി20 യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 47 പന്തിലാണ് താരം തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ വെറും 50 പന്തുകളില്‍ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.
സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മല്‍സരത്തില്‍ 61 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം നേടി.