ബുഡാപെസ്റ്റ്: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ ഇന്ന് രാത്രി നടക്കും. ഹംഗറിയിലെ പുസ്കാസ് അരീന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30-നാണ് ഈ മഹാപോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് വമ്പന്മാർ പി.എസ്.ജിയും, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്സണലുമാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മിക്കൽ ആർട്ടേറ്റയുടെ കീഴിൽ 22 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പ്രീമിയർ ലീഗ് കിരീടം ചൂടിയ ആത്മവിശ്വാസവുമായാണ് ഗണ്ണേഴ്സ് ഇറങ്ങുന്നത്. എന്നാൽ ശക്തരായ ബയേൺ മ്യൂണിക്കിനെ ഇരുപാദങ്ങളിലും തകർത്തുവിട്ടാണ് ലൂയിസ് എൻറിക്കെയുടെ പി.എസ്.ജി കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും തോറ്റിട്ടില്ലാത്ത ഏക ടീമെന്ന റെക്കോർഡുമായാണ് ആഴ്സണൽ ഫൈനലിന് ബൂട്ടു കെട്ടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ് 2004-ൽ മാത്രമാണ് ആഴ്സണൽ ഫൈനലിൽ കടന്നിട്ടുള്ളത്. കൃത്യതയാർന്ന സെറ്റ് പീസ് ഗോളുകളും പാറപോലെയുറച്ച പ്രതിരോധ നിരയുമാണ് ആഴ്സണലിന്റെ പ്രധാന ആയുധം. വിക്ടർ ഐനാർ ഗ്യോകെറസ്, ബുക്കായോ സാക്ക, വില്യം സാലിബ, ഗബ്രിയേൽ മഗൽഹായസ്, ഡെക്ലാൻ റൈസ്, കായ് ഹാവെർട്സ്, ഡേവിഡ് റായ എന്നിവരെല്ലാം മികച്ച ഫോമിലാണ്.
മറുഭാഗത്ത്, റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാവുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുന്നത്. എതിരാളികളുടെ പ്രതിരോധം തകർത്തെറിയുന്ന അതിവേഗ അറ്റാക്കിങ് ഗെയിം തന്നെയാണ് പി.എസ്.ജിയുടെ പ്രധാന ആയുധം. സൂപ്പർ താരങ്ങളായ ഒസ്മാൻ ഡെംബെലെ, ബ്രാഡ്‌ലി ബാർക്കോള, വിറ്റിന്യ, മാർക്കിന്യോസ്, അഷ്റഫ് ഹക്കീമി, ഖ്വിച്ച ക്വാറത്‌സ്‌ഖേലിയ, നുനോ മെന്റസ് ഡെസിറെ ദൗ ടീമിന്റെ പ്രതീക്ഷകൾ



