ലണ്ടൻ – ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പതിനഞ്ചാം റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, ന്യൂകാസ്റ്റൽ യുണൈറ്റഡ് ടീമുകൾ ജയം നേടിയപ്പോൾ തലപ്പത്ത് തുടർന്നിരുന്ന ആർസണലിന് ഞെട്ടിക്കുന്ന തോൽവി. മറ്റു മത്സരങ്ങളിൽ ചെൽസിയും, ലിവർപൂളും സമനിലയിൽ കുരുങ്ങി.
ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആർസണലിന് ഞെട്ടിക്കുന്ന തോൽവി. ആസ്റ്റൺ വില്ലയുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പട പരാജയപ്പെട്ടത്. അവസാന നിമിഷം വയങ്ങിയ ഗോളാണ് ലണ്ടൻ ക്ലബ്ബിന് സീസണിലെ രണ്ടാം തോൽവി സമ്മാനിച്ചത്. മാറ്റി കാഷ് 36-ാം മിനുറ്റിൽ ഗോൾ നേടി വില്ലയെ മുന്നിലെത്തിച്ചു. 52-ാം മിനുറ്റിൽ ലിയാൻഡ്രോ ട്രോസാർഡാണ് സന്ദർശകരായ പീരങ്കിപ്പടയെ ഒപ്പമെത്തിച്ചത്. വിജയ ഗോളിനായി ഇരു ടീമുകളും പിന്നീട് ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ വന്നത് അവസാന നിമിഷമാണ്. വിസിൽ ഊതാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ അർജന്റീനിയൻ താരമായ എമിലിയാനോ ബ്യൂണ്ടിയ വില്ലയുടെ വിജയ ഗോൾ നേടി.
സിറ്റി അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സണ്ടർലാൻഡിനെ തകർത്തു. സിറ്റിക്ക് വേണ്ടി റൂബൻ ഡയസ് ( 31-ാം മിനുറ്റ് ), ജോഷ്കോ ഗ്വാർഡിയോൾ ( 35), ഫിൽ ഫോഡൻ (65) എന്നിവരാണ് ഗോളുകൾ നേടിയത്.
ടോട്ടൻഹാം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രെന്റ്ഫോഡിനെ തകർത്തു. ടോട്ടൻഹാമിന് വേണ്ടി റിച്ചാർലിസൺ ( 25-ാം മിനുറ്റ്), സാവി സിമോൻസ് ( 43) എന്നിവരാണ് എതിരാളികളുടെ വല കുലുക്കിയത്.
ന്യൂകാസ്റ്റൽ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബേൺലിയെ പരാജയപ്പെടുത്തി. ബ്രൂണോ ഗുയിമാരേസ് (31-ാം മിനുറ്റ്), ആന്റണി ഗോർഡൻ (45+8, പെനാൽറ്റി) എന്നിവരാണ് ആതിഥേയരുടെ ഗോളുകൾ നേടിയത്. സന്ദർശകർക്ക് വേണ്ടി ലക്ഷ്യം കണ്ടത് സിയാൻ ഫ്ലെമിംഗ് ( 90+4, പെനാൽറ്റി) ആണ്.
ചെൽസി ബോൺമത്തുമായുള്ള നടന്ന പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ബോൺമത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ സമനിലയിൽ കുരുങ്ങി. ലീഡ്‌സുമായി നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകളും മൂന്ന് ഗോൾ വീതമാണ് നേടിയത്. രണ്ടുതവണ മുന്നിട്ട് നിന്ന ശേഷമാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. പൂളിന് വേണ്ടി ഹ്യൂഗോ എകിറ്റികെ ഇരട്ട ഗോളുകളും ( 48,50), ഡൊമിനിക് സോബോസ്ലായ് (80) എന്നിവരാണ് വല കുലുക്കിയത്. ലീഡ്‌സിന് വേണ്ടി കാൽവർട്ട്-ലൂവിൻ (73-ാം മിനുറ്റ്, പെനാൽറ്റി), ആന്റൺ സ്റ്റാച്ച് ( 76), എവോ തനക ( 90+6) എന്നിവരാണ് ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ എവർട്ടൺ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ തകർത്തു. തിയേർനോ ബാരി (45+3), ഫ്രാങ്ക് ഡ്യൂസ്ബറി-ഹാൾ (80) എന്നിവർ വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയാണ്.



