റിയാദ്: ക്ലബ്ബ് ലോകകപ്പിൽ മിന്നും പ്രകടനത്തോടെ ലോക ഫുട്‌ബോൾ പ്രേമികളുടെ മനംകവർന്ന സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക് ഫ്രഞ്ച് ഡിഫന്റർ തിയോ ഹെർണാണ്ടസും എത്തും. എ.സി മിലാനിലെ ആറു വർഷം നീണ്ട കരിയറിനു ശേഷമാണ് 27-കാരൻ അൽ ഹിലാലിലേക്ക് കൂടുമാറുന്നത്. സൗദി ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്.
ഏതാനും ആഴ്ചകളായി തിയോ ഹെർണാണ്ടസിന്റെ ട്രാൻസ്ഫർ സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും, ഹെർണാണ്ടസ് അടുത്ത സീസണിൽ തന്റെ ടീമിലുണ്ടാവില്ലെന്ന് ഇന്നലെയാണ് എ.സി മിലാൻ മാനേജർ മാസിമില്യാനോ അലെഗ്രി വ്യക്തമാക്കിയത്. ഇതോടെ, മറ്റൊരു ഇറ്റലിക്കാരനായ സിമോൺ ഇൻസാഗിക്കു കീഴിലാവും ഹെർണാണ്ടസ് അടുത്ത സീസൺ മുതൽ കളിക്കുക.
ഇടതു ബാക്ക് ആയി തിളങ്ങുന്ന തിയോ ഹെർണാണ്ടസ് ഫ്രാൻസിനു വേണ്ടി 38 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. ഡിഫൻസീവ് കഴിവുകൾക്കൊപ്പം വേഗത, ഡ്രിബ്ലിങ് മികവ്, വായുവിലെ മികവ് എന്നിവയും ഹെർണാണ്ടസിനെ അപകടകാരിയാക്കുന്നു. പി.എസ്.ജിയുടെ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന്റെ ഇളയ സഹോദരനാണ്.
അത്‌ലറ്റികോ മാഡ്രിഡ് ബി, അലാവസ്, റയൽ മാഡ്രിഡ്, റയൽ സോഷ്യദാദ് എന്നിവയാണ് എ.സി മിലാനു മുമ്പ് തിയോ കളിച്ച ക്ലബ്ബുകൾ. മിലാനു വേണ്ടി 195 മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടിയിട്ടുണ്ട്.