മാഡ്രിഡ്: ലോക ഫുട്‌ബോള്‍ പ്രേമികളുടെ കളിതൊട്ടിലായ സ്‌പെയിനില്‍ ഇനി ഫുട്‌ബോള്‍ മാമാങ്കം. യൂറോപ്പിലെ മിന്നും താരങ്ങള്‍ മാറ്റുരയ്ക്കുന്ന സ്പാനിഷ് ലീഗിനാണ് ഇന്ന് തുടക്കമാവുന്നത്.ഇനിയുള്ള രാത്രികള്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കാന്‍ സ്‌പെയിനിലെ 20 ക്ലബ്ബുകള്‍ രംഗത്തിറങ്ങും. പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിനൊപ്പം പുതിയ സീസണില്‍ തിളങ്ങാന്‍ എത്തുന്നുണ്ട്.
ഒപ്പം ബാഴ്‌സലോണയുടെ ടീനേജ് സെന്‍സേഷന്‍ യാമിന്‍ ലമാലും ഒരുങ്ങി തന്നെയുണ്ട്. ഇരു താരങ്ങളും തമ്മിലുള്ള പ്രകടനങ്ങള്‍ക്കാവും സ്പാനിഷ് ലീഗ് വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുക. നിലവിലെ ലാലിഗ ജേതാക്കള്‍ റയല്‍ മാഡ്രിഡ് ആണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയത് ബാഴ്‌സലോണയാണ്. ഇരും ടീമും തമ്മിലാവും ഇത്തവണയും കിരീട പോരാട്ടം. ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിച്ച് അത്‌ലറ്റിക്കോ മാഡ്രിഡും രണ്ടും കല്‍പ്പിച്ച് ഇത്തവണ രംഗത്തുണ്ട്.
സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫെയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. പുലര്‍ച്ചെ ഒരു മണിക്ക് റയല്‍ ബെറ്റിസും ജിറോണയും തമ്മില്‍ ഏറ്റുമുട്ടും. ഈ മാസം 17നാണ് ബാഴ്‌സലോണയുടെ ആദ്യ മല്‍സരം. 18നാണ് റയല്‍ മാഡ്രിഡ് മല്ലോര്‍ക്കയ്‌ക്കെതിരേ ഇറങ്ങുന്നത്.