മനാമ– ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കിയ ആദ്യ ബഹ്‌റൈൻ വനിതയായി നൂറ് അൽ ഹുലൈബി. കഴിഞ്ഞ ഞായറാഴ്ച നടന്ന 42.195 കിലോമീറ്റർ മാരത്തോണിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചതിൽ അഭിമാനമുണ്ടെന്ന് 38-കാരിയായ അൽ ഹുലൈബി പറഞ്ഞു.
വ്യക്തിഗത പരിശീലകയും ഫിസിയോതെറാപ്പിസ്റ്റുമായ അൽ ഹുലൈബി, കഴിഞ്ഞ വർഷം ആംസ്റ്റർഡാം മാരത്തോണിൽ 30 കിലോമീറ്ററിനു ശേഷം പോഷകാഹാര പ്രശ്നങ്ങൾ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്ന വെല്ലുവിളികളെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ആ അനുഭവം അവരുടെ ആത്മവിശ്വാസത്തെ തകർത്തെങ്കിലും, നാല് മാസത്തെ കഠിന പരിശീലനത്തിലൂടെ സിഡ്‌നി മാരത്തോണിനായി തയ്യാറെടുത്തു.
2024 നവംബറിൽ അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്‌സ് പട്ടികയിൽ ഇടംനേടിയ സിഡ്‌നി മാരത്തോൺ, ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, ചിക്കാഗോ, ന്യൂയോർക്ക്, ബെർലിൻ എന്നിവയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും പ്രശസ്തമായ മാരത്തോണുകളിലൊന്നാണ്. 2006 മുതൽ ഈ സിരീസിന്റെ ഭാഗമായ മാരത്തോണുകളിൽ ആറും പൂർത്തിയാക്കുന്നവർക്ക് ‘സിക്സ് സ്റ്റാർ ഫിനിഷർ’ മെഡൽ ലഭിക്കും.
ഈ വർഷത്തെ മാരത്തോണിൽ 35,000 പേർ പങ്കെടുത്തു. എത്യോപ്യയുടെ ഹൈലമര്യം കിറോസ് 2:06:06 സമയത്തിൽ പുരുഷ വിഭാഗത്തിൽ വിജയിയായി, ഓസ്‌ട്രേലിയയിൽ 42 കിലോമീറ്റർ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി