റോം: സ്വിറ്റ്‌സര്‍ലന്റിന്റെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ യാന്‍ സോമര്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.35കാരനായ സോമര്‍ സ്വിസ് ടീമിന്റെ മുതല്‍ക്കൂട്ടായിരുന്നു.നിരവധി ലോകകപ്പിലും യൂറോ കപ്പിലും ടീമിന് ജയമൊരുക്കുന്നതില്‍ സോമറിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. സ്വിസിനായി മൂന്ന് ലോകകപ്പും മൂന്ന് യൂറോ കപ്പും കളിച്ചിട്ടുണ്ട്. 2012ലാണ് താരം ടീമിനായി അരങ്ങേറ്റം നടത്തിയത്. 94 മല്‍സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയാണ് യാന്‍ സോമര്‍ അവസാനമായി ഇറങ്ങിയത്. ഈ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു.
2020 യൂറോ കപ്പില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി തടഞ്ഞതാണ് സോമറിന്റെ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം.ഈ മല്‍സരത്തില്‍ ഫ്രാന്‍സിനെ 3-3 സമനിലയില്‍ കുരുക്കാനും സോമറിന്റെ പ്രകടനത്തിനായിരുന്നു. ഇതേ ടൂര്‍ണ്ണമെന്റില്‍ സ്‌പെയിനിനെതിരേ 120 മിനിറ്റില്‍ 10 സേവുകളുമായാണ് സോമര്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കൈയ്യടി നേടിയിരുന്നു. ഖത്തര്‍ ലോകകപ്പിലും സോമര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നിലവില്‍ താരം ഇന്റര്‍മിലാനായി കളിക്കുന്നുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനം. ഇന്ററിനൊപ്പം സീരി എ കിരീടം കഴിഞ്ഞ തവണ നേടിയിരുന്നു. ഇതിന് മുമ്പ് താരം ബയേണിനൊപ്പമായിരുന്നു.ബയേണിനൊപ്പം നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ബോറൂസിയാ ഡോട്ട്മുണ്ടിന്റെ സ്വിസ് ഗോള്‍ കീപ്പര്‍ ഗ്രിഗര്‍ കോബെല്‍ ആണ് ഇനി സ്വിസ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ പദവി വഹിക്കുക. യുവേഫാ നാഷന്‍സ് ലീഗില്‍ ഈ വരുന്ന സെപ്തംബര്‍ അഞ്ചിന് ഡെന്‍മാര്‍ക്കിനെതിരേയും എട്ടിന് സ്‌പെയിനിനെതിരേയുമാണ് സ്വിറ്റ്‌സര്‍ലന്റിന്റെ അടുത്ത മല്‍സരങ്ങള്‍.