കോഴിക്കോട് – കേരള ഫുട്‌ബോളിൽ പുത്തൻ പ്രതീക്ഷ പകർന്ന് ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് നാളെ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ ഗ്രാൻഡ് കിക്കോഫ്. വ്യാഴായ്ച രാത്രി എട്ടിന് കോർപ്പറേഷന്റെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്‌സിയെ റണ്ണേഴ്‌സപ്പായ ഫോഴ്‌സ കൊച്ചി എഫ്‌സി നേരിടും.
മൈതാനത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കാലിക്കറ്റ് എഫ്.സിയുടെ സെബാസ്റ്റ്യൻ ലുക്കാമിയും, ഇന്ത്യൻ ഇന്റർനാഷണൽ കെ പ്രശാന്തും ഫോഴ്‌സ കൊച്ചിയുടെ ലൂയിസ് എയ്ഞ്ചൽ റോഡ്രിഗസും, മൈക്കൽ സൂസയ് രാജും ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കാനാണ് സാധ്യത. കാൽപ്പന്തുകളിയിലെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിടുന്ന സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും കാൽപ്പന്തുകളിയെ നെഞ്ചിലേറ്റുന്ന പതിനായിരങ്ങൾക്ക് ചാമ്പ്യൻഷിപ്പ് പുത്തൻ അനുഭവമായിരിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനദിവസം വൈകീട്ട് 5.45-ഓടെ വേടൻ ഉൾപ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൂപ്പർ ലീഗ് കേരളം ക്ലബ് ഉടമകളും സിനിമ താരങ്ങളും മറ്റു രാഷ്ട്രീയ നേതാക്കളും കേരള ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. കേരളത്തിലെ യുവതാരങ്ങൾക്ക് വളർന്നുവരൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് സൂപ്പർ ലീഗ് കേരളയെന്നും ഒക്ടോബർ രണ്ട് മുതൽ കേരള ഫുട്‌ബോളിന്റെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണെന്നും സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. വിദേശ ലീഗുകളിലും ഇന്ത്യൻ സൂപ്പർ ലീഗിലുമെല്ലാം മികവ് തെളിയിച്ച നിരവധി കളിക്കാർ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ബൂട്ട് കെട്ടുന്നുണ്ട്. പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യവും ഈ സീസണെ കൂടുതൽ ശ്രദ്ധേയമാക്കുന്നതായും അദ്ദേഹം അറിയിച്ചു.
മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വർധിപ്പിച്ച് മികച്ച റിസൾട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ 94 മലയാളി താരങ്ങളാണ് ആറ് ടീമുകളിലായി കളിച്ചതെങ്കിൽ ഇത്തവണ 100 ആയി ഉയർന്നത്തിയിട്ടുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോവാൻ സാധിച്ചാൽ ഭാവിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ടാലെന്റ് പൂളായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുണ്ടാവുക. കാലിക്കറ്റ് എഫ്.സിക്കും കൊച്ചി എഫ്.സിക്കും പുറമെ, പ്രഥമ സീസണിൽ തന്നെ കളിക്കമ്പക്കാരുടെ ഇഷ്ട ടീമുകളായി മാറിയ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂർ മാജിക് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും ത്രസിപ്പിക്കുന്ന പോരാട്ടവുമായി കാണികളിൽ ആവേശത്തിന്റെ തീ കോരിയിടുക.
കഴിഞ്ഞ തവണ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കൊച്ചി സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നി നാല് സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നതെങ്കിൽ ഇത്തവണ ആറായി ഉയർന്നു. കണ്ണൂരിനും തൃശൂരിനും ഹോം ഗ്രൗണ്ടുകൾ ലഭിച്ചതോടെ, കണ്ണൂർ ജവഹർ സ്റ്റേഡിയവും തൃശൂർ കോർപറേഷൻ സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക.
പുതുതായി ഉൾപ്പെടുത്തിയ മൂന്നു സ്‌റ്റേഡിയവും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങളെന്നും അധികൃതർ വ്യക്തമാക്കി. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിലായിരിക്കും സെമി ഫൈനൽ. ഡിസംബർ 14-നാണ് കേരളത്തിന്റെ താരരാജാക്കന്മാരെ തീരുമാനിക്കുന്ന കലാശക്കൊട്ട്. എല്ലാ മത്സരങ്ങളും സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്‌പോർട്‌സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.