ഹോങ്കോങ് – സൗദി സൂപ്പർ കപ്പ് പോരാട്ടത്തിൽ കരുത്തരായ അൽ ഇത്തിഹാദിനെ തോൽപ്പിച്ച് അൽ നസ്ർ ഫൈനലിൽ.
സാദിയോ മാനേ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയ മത്സരത്തിൽ പത്തു പേരായി ചുരുങ്ങിയ അൽ നസ്ർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇത്തിഹാദിനെ തകർത്തത്. ഹോങ്കോങിൽ വെച്ചു നടന്ന മത്സരത്തിൽ അൽ നസ്റിന് വേണ്ടി സാദിയോ മാനേ, ജാവോ ഫെലിക്സ് എന്നിവരാണ് ഗോളുകൾ നേടിയത്.അൽ ഇത്തിഹാദിന് വേണ്ടി സ്റ്റീവൻ ബെർഗ്വിജനാണ് ആശ്വാസ ഗോൾ സ്വന്തമാക്കിയത്.
പത്താം മിനുറ്റിൽ മാനേയുടെ ഗോളിൽ അൽ നസ്ർ മുന്നിലെത്തിയെങ്കിലും ആറു മിനിറ്റുകൾക്കു ശേഷം ബെർഗ്വിജൻ ഇത്തിഹാദിനെ ഒപ്പമെത്തിച്ചു. 61-ാം മിനുറ്റിൽ ഇതിഹാസതാരം ക്രിസ്ത്യാനോ റൊണാൾഡോ നൽകിയ പാസ്സിൽ നിന്നും ഫെലിക്സ് പന്ത് വല എത്തിച്ചതോടെ അൽ നസ്ർ വീണ്ടും മുന്നിലെത്തി. തിരിച്ചടിക്കാൻ ഇത്തിഹാദ് ശ്രമിച്ചെങ്കിലും നസ്റിന്റെ പ്രതിരോധനിര ശക്തമായി നിന്നതോടെ വിജയം കൈക്കലാക്കി. ഇതിനിടെ മത്സരത്തിന്റെ 25-ാം മിനുറ്റിൽ മാനേ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയത് മുതലെടുക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല.
ശനിയാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്നു നടക്കുന്ന അൽ ഖദ്‌സിയ – അൽ അഹ്ലി മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. ഫൈനലിൽ മാനേക്ക് കളിക്കാൻ സാധിക്കില്ല എന്നത് അൽ നസ്റിന് തിരിച്ചടിയാകും.