ഫ്ലോറിഡ– ലീഗ്സ് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർ മിയാമി ജയത്തോടെ സെമിയിലേക്ക് മുന്നേറി. ലയണൽ മെസ്സി ഇല്ലാതെ കളത്തിൽ ഇറങ്ങിയ മിയാമി ടൈഗ്രെസ് യുഎഎൻഎല്ലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർക്കുകയായിരുന്നു. സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ഇരട്ട പെനാൽറ്റി ഗോൾ മികവിലാണ് മിയാമി സെമിയിലേക്ക് കടന്നത്. ടൈഗ്രെസിന് വേണ്ടി അർജന്റീനിയൻ താരം എയ്ഞ്ചൽ കൊറിയയാണ് ഗോൾ നേടിയത്.
21-ാം മിനുറ്റിൽ ടൈഗ്രെസ് താരം ജാവിയർ അക്വിനോന്റെ ഹാൻഡ് ബോളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു സുവാരസ് മിയാമിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ മിയാമിക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചില്ലെങ്കിലും പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. 57-ാം മിനുറ്റിൽ ടൈഗ്രെസ് എടുത്ത ഒരു ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. പത്തു മിനിറ്റുകൾക്ക് ശേഷം കൊറിയയുടെ ഗോളിലൂടെ മെക്സിക്കൻ ക്ലബ്ബ് ഒപ്പമെത്തി. 84-ാം മിനുറ്റിൽ അക്വിനോ തന്നെ വീണ്ടും വില്ലനായി അവതരിച്ചപ്പോൾ ആദ്യം പെനാൽറ്റി അനുവദിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ തീരുമാനം മാറ്റി. ഇത്തവണയും ഉറുഗ്വേൻ താരത്തിന് ഉന്നം തെറ്റിയില്ല. ഇഞ്ചുറി സമയത്ത് ടൈഗ്രെസ് ഗോൾ ഒന്നുറപ്പിച്ച ഷോട്ട് വീണ്ടും ക്രോസ് ബാർ തടഞ്ഞപ്പോൾ മിയാമിക്ക് കാര്യങ്ങൾ എളുപ്പമായി.
ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ 5-6ന് ഡിപോർട്ടീവോ ടൊലൂക്കയെ തകർത്തു ഒർലാൻഡോ സിറ്റി സെമിയിലേക്ക് കടന്നു.
സെപ്റ്റംബർ ഒന്നിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇവർ തമ്മിലാകും ഏറ്റുമുട്ടുക.