റോം – ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ വിമർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ ഫലസ്തീൻ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടൻഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെർമെയ്‌നും തമ്മിൽ നടന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിന് മുന്നോടിയായി “കുട്ടികളെ കൊല്ലുന്നത് നിർത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിർത്തുക” എന്ന സന്ദേശം എഴുതിയ ബാനർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു.
ഗാസയിൽ നിന്നുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ, യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനർ കൈയിൽ പിടിച്ച് കളിസ്ഥലത്ത് നടന്നത്. “സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ വ്യക്തമാക്കി. യുദ്ധത്തിൽപ്പെട്ട കുട്ടികൾക്ക് സഹായം നൽകുമെന്ന് യുവേഫ ഫൗണ്ടേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം.
“ഫലസ്തീൻ പെലെ”യായ സുലൈമാൻ അൽ-ഒബെയ്ദ് കഴിഞ്ഞ ആഴ്ച ഗാസയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ യുവേഫ നൽകിയ പോസ്റ്റിന് എതിരെ സലാഹ് വിമർശിച്ചിരുന്നു. മരണകാരണം വ്യക്തമാക്കാതെ “അൽ-ഒബെയ്ദിന് ആദരാഞ്ജലികൾ” എന്ന പോസ്റ്റിനെതിരെയായിരുന്നു സലാഹ് കടുത്ത ഭാഷയിൽ വിമർശിച്ചത്. താരത്തിന്റെ പ്രതികരണം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു.
ഇസ്രായേൽ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന ആവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശക്തമായി ഉയരുന്നുണ്ട്