ധാക്കുവഖാന– കപ്പിനും ചുണ്ടിനുമിടയിൽ കേരളത്തിന് വീണ്ടും കിരീടം നഷ്ടമായി. ആവേശകരമായ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടങ്ങിയത്. അധികസമയത്തിന്റെ രണ്ടാം പകുതിയിൽ അഭിഷേക് പവാർ നേടിയ ഗോളാണ് കേരളത്തിന്റെ എട്ടാം കിരീടമോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം ഫൈനലിലാണ് കേരളം തോൽവി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വർഷം ബംഗാളിന് മുന്നിലായിരുന്നു കേരളത്തിന്റെ കണ്ണീർമടക്കം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നില്ല. ഗാലറിയെ ആവേശത്തിലാഴ്ത്തി കേരളം നടത്തിയ പല നീക്കങ്ങളും നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യം കാണാതെ പോയത്.
എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ 109-ാം മിനുറ്റിൽ കേരളത്തിന്റെ പ്രതിരോധ നിരയെ പിളർത്തി അഭിഷേക് പവാർ ഉതിർത്ത ഷോട്ട് വലകുലുക്കി. തിരിച്ചടിക്കാൻ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും സമയം അനുവദിച്ചില്ല. ഇതോടെ സന്തോഷ് ട്രോഫിയിൽ എട്ടാം തവണയും സർവീസസ് മുത്തമിട്ടു.



