ലണ്ടൻ – ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പത്താം റൗണ്ടിലും വിജയം തുടർന്ന് ആർസണൽ. ആർസണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിയെ തകർത്തപ്പോൾ ഫോമിലേക്ക് തിരിച്ചു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കി നോട്ടിങ്ഹാം ഫോറസ്റ്റ്.
ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. വിക്ടർ ഗ്യോകെറസ്, ഡെക്ലാൻ റൈസ് എന്നിവരാണ് പീരങ്കികൾക്ക് വേണ്ടി ഗോളുകൾ നേടിയത്. 14-ാം മിനുറ്റിൽ കോർണറിൽ ഹെഡറിലൂടെയാണ് ഗ്യോകെറസ് ആർസണലിനെ മുന്നിലെത്തിച്ചത്. 35-ാം മിനുറ്റിൽ ലിയാൻഡ്രോ ട്രോസാർഡ് നൽകിയ ക്രോസ്സിൽ നിന്ന് ഹെഡറിലൂടെ തന്നെ ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചില്ലെങ്കിലും മുതലെടുക്കാനായില്ല. ഇതോടെ പത്തു മത്സരങ്ങളിൽ നിന്ന് എട്ടു വിജയവും ഒരു സമനിലയും ഒരു വീതം സമനിലയും തോൽവിയുമടക്കം 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആർസണൽ. രണ്ടാം സ്ഥാനക്കാരായ ബോൺമത്തിന് 18 പോയിന്റാണ്.
മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാമിന്റെ തട്ടകത്തിൽ നടന്ന ഇരു ടീമുകളും രണ്ടു ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ട നിന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. യുണൈറ്റഡിന് വേണ്ടി കാസെമിറോ,അമദ് ഡിയല്ലോ എന്നിവർ വല കുലുക്കിയപ്പോൾ എതിരാളികൾക്ക് വേണ്ടി ആൻ്റണി ഗിബ്സ്-വൈറ്റ്, നിക്കോളോ സവോണ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 34-ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ കൃത്യമായി തല വെച്ച് കാസെമിറോ ചെകുത്താന്മാരെ മുന്നിലെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് രണ്ടു ഗോളുകൾ തിരിച്ചടിച്ചു ആതിഥേയർ മുന്നിലെത്തി. 48-ാം മിനുറ്റിൽ ഗിബ്സ്-വൈറ്റും രണ്ടു മിനുറ്റുകൾക്ക് ശേഷം സവോണയുമാണ് ഗോളുകൾ നേടിയത്. നോട്ടിങ്ഹാം വിജയത്തിലേക്ക് നീങ്ങവേ 81-ാം മിനുറ്റിൽ അമദ് ചെകുത്താന്മാരെ ഒപ്പമെത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വിജയിച്ച യുണൈറ്റഡ് ഈ സമനില ഏറെ തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.
മറ്റു മത്സരങ്ങൾ
ബ്രൈറ്റൻ – 3 (മെൻസ വെൽബെക്ക് – 11/ ഡിഗോ ഗോമസ് – 64,70)
ലീഡ്‌സ് – 0
ക്രിസ്റ്റൽ പാലസ് – 2 ( ജീൻ-ഫിലിപ്പ് മറ്റേറ്റ – 30/ നഥാൻ കോളിൻസ് – 51 സെൽഫ്)
ബ്രെന്റ്ഫോഡ് – 0
ഫുൾഹാം – 3 ( കൗസി സെസെഗ്നൺ – 9/ ഹാരി വിൽസൺ – 61/ യെർസൺ മോസ്ക്വറ -75 സെൽഫ്)
വോൾവ്സ് – 0



