സിഡ്നി– ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തെ ഐസിയുവിലേക്ക് മാറ്റിയത് . ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയെ പുറത്താക്കാന്‍ പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രേയസ് ഐസിയുവിലായിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാൽ അദ്ദേഹത്തെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രക്തസ്രാവം മൂലം മറ്റു അണുബാധകൾ ഉണ്ടാവാതിരിക്കാന്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
‘ടീം ഡോക്ടറും ഫിസിയോയും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. ഉടന്‍ തന്നെ ചികിത്സ ലഭിച്ചിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നു. അവന്‍ കരുത്തനായ വ്യക്തിയാണ്, ഉടന്‍ തന്നെ സുഖം പ്രാപിച്ച് തിരിച്ചു വരുമെന്നും ഇവർ കൂട്ടിചേർത്തു.
തുടക്കത്തില്‍, അയ്യറിന് ഏകദേശം മൂന്ന് ആഴ്ച വിശ്രമം വേണമെന്നാണ് കരുതിയത്. എന്നാൽ ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ തന്നെ അദ്ദേഹത്തിന് തീര്‍ച്ചയായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും, ഈ സമയത്ത് ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.



