അഹമ്മദാബാദ് – ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം കയ്യിലാക്കി ഇന്ത്യൻ ബൗളിങ് താരങ്ങൾ. അഹമ്മദാബാദ് നരേന്ദ്രമോദി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ വെറും 162 റൺസിന് വെസ്റ്റ് ഇൻഡീസ് നിരയിലെ എല്ലാവരെയും പുറത്താക്കിയാണ് സിറാജും, ബുമ്രയും അടങ്ങുന്ന ബൗളിങ് നിര മേധാവിത്വം പുലർത്തിയത്. ഇന്ത്യക്ക് വേണ്ടി സിറാജ് നാലു വിക്കറ്റ് നേടിയപ്പോൾ, ബുമ്ര മൂന്നും വിക്കറ്റും എറിഞ്ഞെടുത്തു . ശേഷിക്കുന്ന വിക്കറ്റുകളിൽ രണ്ടെണ്ണം കുൽദീപ് യാദവും ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദറും നേടി. മറുപടി ബാറ്റിങിന് ഇന്ത്യ 17 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 59 റൺസ് നേടി.
ടോസ് ലഭിച്ച വെസ്റ്റ് ഇൻഡീസിന് 42 റൺസ് എടുക്കുന്നതിനിടെ നാലു പേരെയാണ് നഷ്ടമായത്. ഓപ്പണർമാരായ ജോൺ ഡിലൻ കാംബെൽ ( 8), ബ്രാൻഡൻ ചന്ദർപോൾ (0), അലിക്ക് അത്നാസെ (12), ബ്രാൻഡൻ അലക്സാണ്ടർ കിംഗ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനിടെ ഇവർക്ക് നഷ്ടമായത്. ഇതിൽ മൂന്നും നേടിയത് സിറാജായിരുന്നു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ റോസ്റ്റൺ ചേസ് ( 24), ഷായ് ഹോപ്പ് ( 26) എന്നിവർ കൂടി ചേർന്ന് ചേർത്ത 48 റൺസാണ് വെസ്റ്റ് ഇൻഡീസിനെ 100 കടത്തുന്നതിൽ നിർണായക പങ്കു വഹിച്ചത്. ഹോപ്പിനു പിന്നാലെ എത്തിയ ജസ്റ്റിൻ ഗ്രീവ്സിന്റെയും ചേർത്തുനിൽപ്പ് സന്ദർശകരെ സഹായിച്ചു. ഇതിനിടെ ചേസ്, ഗാരി പിയറി (11) എന്നിവരെയും ഇവർക്ക് നഷ്ടമായി. സ്കോർ 150ൽ നിൽക്കെ 32 റൺസെടുത്ത ഗ്രീവ്സിന്റെ വിക്കറ്റ് ബുമ്ര നേടിയതോടെ ഗിയർ ഇന്ത്യയുടെ കയ്യിലായി. വാലറ്റ താരങ്ങളായ ആൻഡ്രെൽ വാരിക്കൻ എട്ടു റൺസുമായും ഒരു റൺസെടുത്ത് ജോഹാൻ ലെയ്നും മടങ്ങിയതോടെ കരീബിയൻ ടീമിന്റെ പോരാട്ടം 162ൽ അവസാനിച്ചു. ട്രിസ്റ്റൻ സീൽസ് ആറു റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ കളി ഇടക്ക് മഴ നഷ്ടപ്പെടുത്തിയെങ്കിലും 17 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 59 റൺസ് എന്ന നിലയിലാണ്. ജയ്‌സ്വാൾ ( 27), കെഎൽ രാഹുൽ ( 29 ) എന്നിവരാണ് ക്രീസിൽ.