ലിവർപൂൾ – ഓരോ മത്സരവും ആരാധകരെ ആവേശത്തിലാക്കുമ്പോൾ, കളിക്കാർക്കും അത് ആസ്വദിക്കാനാകുന്നു. എന്നാൽ ചിലപ്പോൾ അവർ മറക്കാൻ ആഗ്രഹിക്കുന്ന സംഭവങ്ങളും ആരാധകരുടെ ഇടയിൽ നിന്ന് ഉയർന്ന് വരാറുണ്ട്.
ഫുട്ബോൾ മൈതാനങ്ങളിൽ ഇന്നും അവസാനിക്കാതെ തുടരുന്ന ഒന്നാണ് വർണ്ണവിവേചനം. അതിന്റെ ഏറ്റവും പുതിയ ഇരയായി മാറിയത് ബോൺമുത്ത് താരം അൻ്റോയിൻ സെമെനിയോ.
ഇന്നലെ നടന്ന ലിവർപൂൾ – ബോൺമത്ത് മത്സരത്തിലാണ് ഘാന താരം മറക്കാൻ ആഗ്രഹിക്കുന്ന ആ സംഭവം നേരിട്ടത്. മത്സരത്തിന്റെ 28-ാം മിനിറ്റിൽ, ലിവർപൂൾ കോർണർ എടുക്കാനിരിക്കെയാണ് സെമേനിയോ താൻ നേരിട്ട അനുഭവം റഫറിയായ ആന്റണി ടെയ്ലറോട് തുറന്നു പറഞ്ഞത്. ഉടൻ ടെയ്ലർ രണ്ടു മിനിറ്റോളം മത്സരം നിർത്തി വെച്ച് ഇരുടീമുകളുടെ പരിശീലകരോടും ക്യാപ്റ്റന്മാരോടും സംസാരിച്ച ശേഷമാണ് പുനരാരംഭിച്ചത്.
തുടർന്ന് സഹതാരങ്ങൾ സെമേനിയോയെ ആശ്വസിപ്പിക്കുന്ന കാഴ്ചക്കാണ് ആ മൈതാനം സാക്ഷ്യം വഹിച്ചത്. സഹതാരങ്ങൾക്ക് അവന്റെ നിറം ഒരു പ്രശ്നമല്ലായിരുന്നു.
മറ്റുള്ള ടീമുകൾ പോരാടാൻ മറക്കുന്ന ആ ആൻഫീൽഡിനെ ഒരു നിമിഷം ഒന്നടങ്കം ഭയത്തിലാക്കാനും സെമേനിയോക്ക് കഴിഞ്ഞു എന്നതിന് നിയോഗം എന്നല്ലാതെ വേറെ എന്തു പറയാൻ. ഭയപ്പെട്ടവരിൽ ആ താരത്തെ കളിയാക്കിയ ആരാധകനും ഉണ്ടായിരിക്കാം.
ലിവർപൂൾ മത്സരത്തിൽ ജയിച്ചുവെന്നത് സത്യമാണ്. എന്നാൽ ഫുട്ബോൾ പ്രേമികൾക്ക് കാണാനായത് ഒരു കളി മാത്രമല്ല – വർണ്ണവിവേചനത്തിനെതിരെയുള്ള ശക്തമായ ഒരു നിലപാടും കൂടിയായിരുന്നു