ദിബ്രുഗഢ് (അസം)– ആതിഥേയരായ അസമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് കേരളത്തിന്റെ കുതിപ്പ്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരള വ്യാഴാഴ്ച (ഫെബ്രുവരി 5) നടക്കുന്ന സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെ നേരിടും.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന് 17-ാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ എം. മനോജ് ലീഡ് സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ (45-ാം മിനിറ്റ്) മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിൽ അബൂബക്കർ ദിൽഷാദ് ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ വിജയം പൂർണ്ണമായി.
മറ്റൊരു ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെ ഷൂട്ടൗട്ടിൽ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. രാജസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി റെയിൽവേസും സെമിയിൽ ഇടംപിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മറ്റൊരു മത്സരത്തിൽ വെസ്റ്റ് ബംഗാളിനെ സർവീസസ് പരാതിപ്പെടുത്തി. ഗോൾ രഹിത സമനില തുടർന്ന് പെനാൽറ്റി യിലേക്ക് നീണ്ട മത്സരത്തിൽ 3-2 നായിരുന്നു സർവീസസിന്റെ വിജയം.



