ബെംഗളുരു: മലയാളി താരം വിഘ്‌നേഷ് പുത്തൂർ സീസണിലെ നാലാം മത്സരത്തിലും വിക്കറ്റുമായി തിളങ്ങിയെങ്കിലും മുംബൈ ഇന്ത്യൻസിന് ഈ ഐ.പി.എൽ സീസണിലെ നാലാമത്തെ തോൽവി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ഉദ്വേഗ മത്സരത്തിൽ 12 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു നീലപ്പടയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളുരു അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയപ്പോൾ മുംബൈയുടെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിച്ചു.
വിരാട് കോലി (67), ക്യാപ്ടൻ രജത് പഠിദാർ (64) എന്നിവരുടെ അർധസെഞ്ച്വറികളും കൃണാൾ പാണ്ഡ്യയുടെ നാലു വിക്കറ്റ് നേട്ടവും ആതിഥേയർക്കു കരുത്തായപ്പോൾ മുൻനിര ബാറ്റർമാരുടെ പരാജയം മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഘട്ടത്തിൽ തിലക് വർമയും (56) ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും (42) പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബംഗളുരു മത്സരം വരുതിയിലാക്കി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ട്രെന്റ് ബൗൾട്ട് സ്വപ്‌നതുല്യമായ തുടക്കം നൽകി. തന്റെ ആദ്യപന്ത് ബൗണ്ടറി കടത്തിയ ഫിൽ സാൾട്ടിന്റെ കുറ്റി പിഴുതാണ് ബൗൾട്ട് പ്രതികാരം ചെയ്തത്.
വെറ്ററൻ താരം വിരാട് കോഹ്ലിയും മൂന്നാമനായിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് ആഞ്ഞടിച്ചപ്പോൾ എട്ട് ഓവറിൽ 85 എന്ന മികച്ച സ്‌കോറിൽ ബംഗളുരു എത്തി. ഈ ഘട്ടത്തിലാണ് കഴിഞ്ഞ മത്സരത്തിലെ പോലെ പാർട്ണർഷിപ്പ് ഭേദിക്കാൻ മുംബൈ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ വിഘ്‌നേഷിനെ പന്തേൽപ്പിച്ചത്. വിരാട് കോഹ്ലിയിൽ നിന്ന് സിക്‌സർ വഴങ്ങിയെങ്കിലും അവസാന പന്തിൽ ദേവ്ദത്തിനെ ജാക്ക്‌സിന്റെ കൈകളിലെത്തിച്ച് വിഘ്‌നേഷ് നായകന്റെ വിശ്വാസം കാത്തു. നാല് മത്സരത്തിൽ മലപ്പുറത്തുകാരന്റെ ആറാമത്തെ വിക്കറ്റായിരുന്നു ഇത്.
എന്നാൽ, ക്യാപ്ടൻ രജത് പഠിദാറുമൊത്ത് മറ്റൊരു കൂട്ടുകെട്ടുണ്ടാക്കിയ കോലി (67) ടീം സ്‌കോർ 143-ലെത്തിച്ച ശേഷം 15-ാം ഓവറിലാണ് മടങ്ങിയത്. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും നേടിയ ശേഷമായിരുന്നു കോലിയുടെ മടക്കം. കോലിയും പഠിദാറും ആഞ്ഞടിച്ച ഘട്ടത്തിലൊന്നും വിഘ്‌നേഷിനെ വിശ്വാസത്തിലെടുത്ത് ഒരു ഓവർ കൂടി നൽകാൻ പാണ്ഡ്യ തയാറായില്ല. പാണ്ഡ്യയുടെ ഓവറിൽ കോലിക്കു പിന്നാലെ ലിയാം ലിവിങ്സ്റ്റനും (0) പുറത്തായെങ്കിലും പിന്നീടെത്തിയ ജിതേഷ് ശർമ (19 പന്തിൽ 40 നോട്ടൗട്ട്) പഠിദാറിനൊപ്പം ചേർന്ന് കൂറ്റനടികളുമായി സ്‌കോറുയർത്തി. 19-ാം ഓവറിൽ അവസാന പന്തിൽ വിക്കറ്റ് കീപ്പർപ്പ് ക്യാച്ച് നൽകി പഠിദാർ (64) മടങ്ങുമ്പോൾ നാല് സിക്‌സറും അഞ്ച് ഫോറുകളും ആ ബാറ്റിൽ നിന്ന് പിറന്നിരുന്നു.
222 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. വിഘ്‌നേഷിനു പകരം ഇംപാക്ട് സബ് ആയി ടീമിലെത്തിയ വെറ്ററൻ താരം രോഹിത് ശർമ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളുമടച്ച് ഫോമിന്റെ സൂചനകൾ കാണിച്ചെങ്കിലും യാഷ് ദയാലിന്റെ പന്തിൽ ബൗൾഡായി മടങ്ങി. ഓപണർ റിയാൻ റിക്കിൾട്ടൻ (17), മൂന്നാമൻ വിൽ ജാക്‌സ് (22) എന്നിവർ കൂടി വലിയ സംഭാവനകൾ ഇല്ലാതെ മടങ്ങിയപ്പോൾ 10 ഓവറിൽ മൂന്നിന് 79 എന്ന നിലയിൽ മുംബൈ പതറി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനാവാതെ പതറിയ സൂര്യകുമാർ യാദവ് (26 പന്തിൽ 28) രണ്ടുതവണ ക്യാച്ചുകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും 12-ാം ഓവറിൽ യാഷ് ദയാലിനു വിക്കറ്റ് നൽകി പുറത്തായതോടെ ശേഷിക്കുന്ന എട്ട് ഓവറിൽ 123 റൺസ് വേണമെന്ന സ്ഥിതിയിലായി മുംബൈ.
ഈ ഘട്ടത്തിൽ തിലക് വർമയും (29 പന്തിൽ 56) ഹാർദിക് പാണ്ഡ്യയും (15 പന്തിൽ 42) ചേർന്ന് കൂറ്റനടികളുമായി ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. അസാധ്യമെന്നു തോന്നിയ ലക്ഷ്യത്തിലേക്ക് ഇരുവരും ചേർന്ന് മുംബൈയെ എത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ തിലക് വർമയെ പുറത്താക്കി ഭുവനേശ്വർ കുമാർ ബ്രേക്ക് ത്രൂ നൽകി. അസാമാന്യ ഫോമിലായിരുന്ന പാണ്ഡ്യയെ ജോഷ് ഹേസൽവുഡ് കൂടി പുറത്താക്കിയതോടെയാണ് ബെംഗളുരു ശ്വാസം നേരെവിട്ടത്.
ജയിക്കാൻ 19 റൺസ് ആവശ്യമായ അവസാന ഓവറിൽ രണ്ടു വിക്കറ്റെടുത്ത് കൃണാൾ പാണ്ഡ്യയാണ് ബംഗളുരുവിന്റെ ജയം ഉറപ്പാക്കിയത്.