ന്യൂ ഡൽഹി– ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. പാകിസ്ഥാൻ താരം ബാബർ അസമിനെ മറികടന്നാണ് ഈ നേട്ടം. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ബാബറിന്റെ നിരാശാജനകമായ പ്രകടനം രോഹിത്തിന് ഈ മുന്നേറ്റത്തിന് വഴിയൊരുക്കി. 2025 ഐപിഎൽ കഴിഞ്ഞ് മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന രോഹിത്, ബാബറിന്റെ ഫോം തകർച്ചയെ മുതലെടുത്താണ് ഈ സ്ഥാനം നേടിയത്.
784 റേറ്റിംഗ് പോയിന്റുമായി ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 756 പോയിന്റുമായി രോഹിത് രണ്ടാമതും 751 പോയിന്റുമായി ബാബർ അസം മൂന്നാമതുമാണ്. വിരാട് കോഹ്ലി നാലാം സ്ഥാനത്ത് നിലനിൽക്കുന്നു. ഇതോടെ, ആദ്യ 15 റാങ്കുകളിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു.
ഒക്ടോബറിൽ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം രോഹിതും കോഹ്ലിയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നേട്ടം. എന്നാൽ, ഇരുവരും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മുംബൈയിൽ മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പം രോഹിത് പരിശീലനം നടത്തുമ്പോൾ, ലണ്ടനിൽ ഇൻഡോർ നെറ്റ്സ് സെഷനിൽ കോഹ്ലി തയ്യാറെടുപ്പിലാണ്.