മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവുമായി ബിസിസിഐ. താരങ്ങളുടെ ഭാര്യമാരെയും പങ്കാളികളെയും ഒപ്പംതാമസിപ്പിക്കുന്നതില്‍ സമയപരിധിയടക്കം നിശ്ചയിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. പ്രതീക്ഷയ്ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്.
ഒന്നര മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ രണ്ട് ആഴ്ചയ്ക്കപ്പുറം കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ല. ടീം ബസുകളില്‍ താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമാക്കും. അധിക ലഗേജിന് താരങ്ങള്‍ പണംനല്‍കേണ്ടി വരും. തുടങ്ങിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ കുടുംബത്തോടൊപ്പം ദീര്‍ഘകാലം താമസിക്കുന്നത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ബിസിസഐയുടെ വിലയിരുത്തല്‍. കുടുംബത്തെ ഒപ്പംതാമസിപ്പിക്കുന്നതില്‍ 2019-ന് മുമ്പ് നിലനിന്നിരുന്ന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്താനാണ് തീരുമാനം.
45 ദിവസത്തെ വിദേശ പര്യടനമാണെങ്കില്‍ 14 ദിവസംവരെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി നല്‍കും. ചെറിയ കാലയളവിലെ പര്യടനങ്ങളില്‍ ഏഴ് ദിവസംമാത്രമേ കുടുംബത്തെ കൂടെകൂട്ടാന്‍ അനുവദിക്കൂ. ടൂര്‍ണ്ണമെന്റിലുടനീളം ഭാര്യമാരെ താരങ്ങള്‍ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കില്ല.
വിദേശ പര്യടനങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കില്ല. ടീം ബസില്‍ ഒരുമിച്ച്തന്നെ യാത്രകള്‍ നടത്തണം. 150 കിലോയില്‍ അധികമുള്ള ലഗേജിന് വരുന്ന അധികചാര്‍ജ് ബിസിസിഐ നല്‍കില്ല. അത് താരങ്ങള്‍ തന്നെ വഹിക്കണം.
താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍കൂടാതെ മുഖ്യപരിശീലകന്‍ ഗൗതംഗംഭീറിന്റെ മാനേജര്‍ക്കും ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിലെ വിഐപി ബോക്‌സില്‍ ഇരുത്താനും അനുവദിക്കില്ല. ടീം ബസിലോ അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും മാനേജരെ അനുവദിക്കില്ല.
ഓസ്ട്രേലിയന്‍ പ്രകടനത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഗംഭീറും രോഹിത് ശര്‍മയും അടക്കമുള്ളവരും ബിസിസിഐ ഭാരവാഹികളും സെലക്ടര്‍മാരും കഴിഞ്ഞ ദിവസം മുംബൈയില്‍ അവലോകന യോഗം നടത്തിയിരുന്നു. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായതായണ് വിവരം.
ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാലാവധി മൂന്നു വര്‍ഷമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ചില സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ വളരെക്കാലമായി ടീമിനൊപ്പമുള്ളവരാണെന്നും അവരുടെ പ്രകടനം മോശമാണെന്നും ബിസിസിഐ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.