ബാഴ്‌സലോണ– മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിൽ ആരാധകരെ ആവേശഭരിതനാക്കിയ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ്, തന്റെ ബാല്യകാല ഹീറോയായ തിയറി ഹെൻറിയുടെ പാത അനുസ്മരിപ്പിച്ച്, ബാഴ്‌സലോണയുടെ ഐകണിക് 14-ാം നമ്പർ ജേഴ്സി സ്വന്തമാക്കി.
തിയറി ഹെൻറി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. ബാഴ്‌സലോണയിലും ആഴ്‌സണലിലും ഫ്രഞ്ച് ദേശീയ ടീമിലും ആർക്കും മറക്കാനാവാത്ത പ്രകടനങ്ങൾ കാഴ്ച്ച വെച്ച അതുല്യ പ്രതിഭ തന്നെയാണ്. അദ്ദേഹത്തെയാണ് റാഷ്ഫോർഡ് തൻ്റെ ഫുട്ബോൾ ആരാധനയുടെ മൂർത്തിയായി പലതവണ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും പ്രഖ്യാപിച്ചിരുന്നത്.
റാഷ്ഫോർഡ് ജേഴ്സി നമ്പർ തിരഞ്ഞെടുത്തതിനെക്കുറിച്ച് ക്ലബ് അധികൃതരും ആരാധകരും ഏറെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. “തിയറി ഹെൻറി എന്റെ ബാല്യകാല വിസ്മയം ആണ്. അദ്ദേഹത്തെ പോലെ തന്നെ കളിക്കാനായിരിക്കും എന്റെ ശ്രമവും,” റാഷ്ഫോർഡ് തൻ്റെ ആദ്യപ്രതികരണത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു
ബാഴ്സലോണയോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതും തന്റെ ലക്ഷ്യമാണെന്ന് താരം പറഞ്ഞു. റാഷ്ഫോഡിന്റെ ബാഴ്സയിലേക്കുള്ള കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു വീഡിയോ ക്ലബ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹെൻരിയെ പോലെ തന്നെ മികച്ച കളി റാഷ്ഫോഡിന് പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ക്ലബ് അധികൃതരും, ആരാധകരും പ്രതീക്ഷിക്കുന്നത്.