ദോഹ– ഖത്തർ സ്റ്റാർസ് ലീഗിന് മുന്നോടിയായി ഫലസ്തീൻ സ്‌ട്രൈക്കർ മഹ്മൂദ് വാദിയെ സ്വന്തമാക്കി ഉം സലാൽ സ്പോർട്സ് ക്ലബ്. 2025-2026 ഫുട്ബോൾ സീസണിൽ ഉം സലാൽ എസ് സിയുടെ താരനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാദിയുമായി കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു.
ഇതിനുപിന്നാലെ മഹ്മൂദ് വാദി ഉം സലാൽ എസ്‌സിയുടെ ജേഴ്‌സി അണിഞ്ഞു നിൽക്കുന്ന ഫോട്ടോ ക്ലബ്ബ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു. കരാറിന്റെ കാലാവധി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
30 കാരനായ വാദി ഈജിപ്തിലെ ഗസൽ എൽ മഹല്ല അടക്കം നിരവധി അറബ് ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ആക്രമണമുന്നേറ്റവും ഗോൾ നേടാനുള്ള കഴിവുമാണ് വാദിയെ ശ്രദ്ധേയനാക്കുന്നത്. വാദിയുടെ സാന്നിധ്യം ഇത്തവണ ഉം സലാലിന്റെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷ. ഇത്തവണത്തെ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള ഒരുക്കത്തിലാണ് ഉം സലാൽ എസ് സി.