പാരിസ്: ഒളിംപിക്സ് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍. എസ്തോണിയന്‍ താരം ക്രിസ്റ്റിന്‍ കുബയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-5, 21-10. ആദ്യ മത്സരത്തില്‍ മാലദ്വീപ് താരം ഫാത്തിമാ അബ്ദുല്‍ റസാഖിനെയും സിന്ധു പരാജയപ്പെട്ടിരുന്നു. 21-9, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുശാലെ ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനക്കാരനായാണ് സ്വപ്നിലിന്റെ മുന്നേറ്റം. സ്വപ്നിലിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ് സിങ് തോമര്‍ 11ാം സ്ഥാനക്കാരനായി ഫൈനല്‍ കാണാതെ പുറത്തായി. ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിലേക്കു മുന്നേറുക.
ബോക്സിങ്ങില്‍ ഇന്നലെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും, വിജയപ്രതീക്ഷയുള്ള ലവ്‌ലിന ബോര്‍ഗോഹെയന്‍ ഇന്ന് റിങ്ങില്‍ പോരിനിറങ്ങും. ആര്‍ച്ചറിയില്‍ വ്യക്തിഗത ഇനത്തില്‍ ദീപികാ കുമാരി, തരുണ്‍ ദീപ് റായ് എന്നിവര്‍ക്കും മത്സരമുണ്ട്. നിലവില്‍ രണ്ട് വെങ്കലമെഡലുകളുമായി പോയിന്റ് പട്ടികയില്‍ 33-ാം സ്ഥാനത്താണ് ഇന്ത്യ.
ബാഡ്മിന്റനു പുറമേ ഷൂട്ടിങ്, അശ്വാഭ്യാസം, ടേബിള്‍ ടെന്നിസ്, ബോക്സിങ്, ആര്‍ച്ചറി എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത് ബാഡ്മിന്റനില്‍ സിന്ധുവിനു പുറമേ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ് എന്നിവര്‍ക്കെല്ലാം ഇന്ന് മത്സരമുണ്ട്. ഷൂട്ടിങ്ങില്‍ വനിതാ ട്രാപ് യോഗ്യതാ റൗണ്ട് മാത്രമാണ് ഇന്ന് മെഡല്‍ സാധ്യതയുള്ള ഇനം. ശ്രേയസി സിങ്, രാജേശ്വരി കുമാരി എന്നിവരാണ് കളത്തിലിറങ്ങുന്നത്.