മാഞ്ചസ്റ്റർ– ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം നേടിയത്. യുണൈറ്റഡ് നാലിൽ മൂന്ന് ഗോളുകളും നേടിയത് രണ്ടാം പകുതിയിലാണ്. പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ടു ഗോളുകളും ഒരു അസ്സിസ്റ്റുമായി കളം നിറഞ്ഞപ്പോൾ ബ്രയാൻ എംബ്യൂമോ, മേസൺ മൗണ്ടും എന്നിവർ ഒരോ ഗോൾ വീതവും നേടി. ആതിഥേയരുടെ ആശ്വാസ ഗോൾ ജീൻ-റിക്നർ ബെല്ലെഗാർഡിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്.
മത്സരം തുടങ്ങി നിരന്തരമായ ആക്രമണത്തിന് ഒടുവിൽ 25-ാം മിനുറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മുൻ വോൾവ്സ് താരമായ മാത്യൂസ് കുൻഹ നൽകിയ പാസ്സ് ബ്രൂണോ ലക്ഷ്യത്തിൽ എത്തിച്ചതോടെ ചെകുത്താന്മാർ മുന്നിൽ എത്തി. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് യുണൈറ്റഡ് പ്രതിരോധ താരങ്ങൾക്ക് പറ്റിയ ഒരു നിമിഷത്തെ പിഴവ് മുതലെടുത്ത് സഹതാരം നൽകിയ പന്ത് ബെല്ലെഗാർഡ് ലക്ഷ്യം കണ്ടതോടെ ആദ്യപകുതി സമനിലയിലായി.
52-ാം മിനുറ്റിൽ കുൻഹ മധ്യനിരയിൽ നിന്നും സുന്ദരമായി നീട്ടി നൽകിയ പന്ത് ഡിയാഗോ ഡലോഡ് എംബ്യൂമോക്ക് കൈമാറി. താരം പ്രായാസം ഒന്നും കൂടാതെ പന്ത് വലയിൽ ആക്കി യുണൈഡിന് വീണ്ടും ലീഡ് നൽകി. പത്തു മിനുറ്റുകൾക്ക് ശേഷം ബ്രൂണോ നൽകിയ ഒരു ലോഫ്‌റ്റ്ഡ് പാസ്സ് എത്തിയത് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഫ്രീയായി പോസ്റ്റിലേക്ക് മുന്നേറിയ മൗണ്ടിന്റെ ബൂട്ടിൽ, താരവും ലക്ഷ്യം കണ്ടതോടെ സ്കോർ 3-1. 69-ാം മിനുറ്റിൽ നൗസൈർ മസ്രൗയിക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ്സിനെ കളത്തിൽ ഇറക്കി. ഈ സമയത്തിനിടയിൽ തന്നെ എതിരാളികളും പല മാറ്റങ്ങൾ കൊണ്ടുവന്ന് ഗോൾ നേടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. 79-ാം മിനുറ്റിൽ അമദ് ഡിയല്ലോ ബോക്സിന്റെ പുറത്തുനിന്ന് എടുത്ത ഷോട്ട് വോൾവ്സ് താരം യെർസൺ മോസ്ക്വേര കയ്യിൽ തട്ടിയതിനെ തുടർന്ന് വാർ പരിശോധനയിലൂടെ റഫറി പെനാൽറ്റി സമ്മാനിച്ചു. പെനാൽറ്റി എടുത്ത ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല.
ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി യുണൈറ്റഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ജയം ഒന്നുമില്ലാത്ത വോൾവ്സ് വെറും രണ്ടു പോയിന്റുമായി അവസാന സ്ഥാനക്കാരായി തരംതാഴ്ത്തലിന്റെ ഭീഷണിയിലാണ്.



