ലണ്ടൻ – പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസണൽ, ന്യൂകാസ്റ്റൽ ടീമുകൾ വിജയം നേടിയപ്പോൾ കരുത്തരായ ചെൽസി സമനിലയിൽ കുരുങ്ങി.
കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട ആർസണൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോട്ടിങ്ഹാം ഫോറസ്റ്റിനെ തകർത്തത്. പുതിയ മാനേജരായ ആഞ്ചെ പോസ്റ്റെകോഗ്ലോയുടെ കീഴിൽ ഇറങ്ങിയ നോട്ടിങ്ഹാമിന് എതിരെ സമ്പൂർണ്ണ ആധിപത്യമാണ് ലണ്ടൻ ക്ലബ് മത്സരത്തിൽ കാഴ്ചവച്ചത്.
ആർസണലിന് വേണ്ടി മാർട്ടിൻ സുബിമെൻഡി ഇരട്ട ഗോളുകൾ നേടിയപ്പോൾ ( 32,79), മറ്റൊരു ഗോൾ സ്വന്തമാക്കിയത് ഈ സീസണിൽ തട്ടകത്തിൽ എത്തിച്ച വിക്ടർ ഗ്യോക്കെറസാണ് ( 46). വിജയത്തോടെ 9 പോയിന്റുമായി പട്ടികയിൽ ഒന്നാമത്താന് ഇവർക്ക് സാധിച്ചു.
മറ്റൊരു മത്സരത്തിൽ ന്യൂകാസ്റ്റൽ യുണൈറ്റഡ് ഒരൊറ്റ ഗോളിന് വോൾവ്സിനെ തോൽപിച്ചു. ടീമിനുവേണ്ടി ആദ്യമായി കളത്തിലിറങ്ങിയ നിക്ക് വോൾട്ടെമേഡാണ് വിജയഗോൾ നേടിയത്. 29-ാം മിനുറ്റിൽ ഹെഡറിലൂടെയാണ് താരം ന്യൂകാസ്റ്റലിന്
സീസണിലെ ആദ്യ ജയം നേടിക്കൊടുത്തത്.
മികച്ച ഫോമിലുള്ള ടോട്ടൻഹാം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ്ഹാമിനെ തകർത്തത്. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. സാർ ( 47-ാം മിനുറ്റ് ), ലൂക്കാസ് ബെർഗ്വാൾ ( 57), വാൻ ഡി വെൻ ( 64) എന്നിവരാണ് വിജയികൾക്ക് വേണ്ടി ഗോളുകൾ നേടിയത്. കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ടോട്ടൻഹാം പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.
നിലവിലെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെൽസി ബ്രെന്റ്ഫോഡിന് എതിരെ സമനിലയിൽ കുരുങ്ങി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച മത്സരത്തിൽ ലണ്ടൻ ക്ലബ്ബ് അവസാന നിമിഷമാണ് ഗോൾ വഴങ്ങിയത്. കെവിൻ ഷാഡ് 35-ാം മിനുറ്റിൽ നേടിയ ഗോളിൽ ആതിഥേയരായ ബ്രെന്റ്ഫോഡ് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ നീലപ്പടക്ക് വേണ്ടി പാൾമർ ( 61), മോയിസെസ് കൈസെഡോ ( 85) എന്നിവർ ഗോളുകൾ നേടി മുന്നിലെത്തിച്ചു. പിന്നീട് ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനുറ്റിൽ തേനീച്ചകളെ ഫാബിയോ കാർവാലോ ഒപ്പം എത്തിച്ചതോടെ ചെൽസിയുടെ പട്ടികയിൽ ഒന്നാമത് എത്താനുള്ള പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
മറ്റു മത്സരങ്ങൾ
ക്രിസ്റ്റൽ പാലസ് – 0
സണ്ടർലാൻഡ് – 0
എവർട്ടൺ – 0
ആസ്റ്റൺവില്ല – 0
ഫുൾഹാം – 1 ( ഗുഡ്മുണ്ട്സൺ – 90+4 സെൽഫ്)
ലീഡ്‌സ് – 0
ബോൺമത്ത് – 2 ( സ്കോട്ട് – 18 / അൻ്റോയിൻ സെമെനിയോ – 61 പെനാൽറ്റി)
ബ്രൈറ്റൺ – 1 ( മിട്ടോമ – 48)