ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് ജയം. 21കാരനായ അല്‍ക്കരാസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണ്.
ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകളും കാര്യമായ അധ്വാനമില്ലാതെ സ്വന്തമാക്കിയ അല്‍കാരസ്, കുറച്ചെങ്കിലും വെല്ലുവിളി നേരിട്ടത് ടൈബ്രേക്കറിലേക്കു നീങ്ങിയ മൂന്നാം സെറ്റില്‍ മാത്രം. ജോക്കോവിച്ച് പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പൊരുതി നോക്കിയെങ്കിലും, പുല്‍കോര്‍ട്ടിലെ പുതിയ രാജാവിന്റെ സ്ഥാനാരോഹണം തടയാനായില്ല. ഫെഡറര്‍-നദാല്‍-ജോക്കോവിച്ച് ത്രയത്തിനു ശേഷം ടെന്നിസ് ലോകം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ് അല്‍കാരസ്. കഴിഞ്ഞ തവണയും ജോക്കോവിച്ചായിരുന്നു എതിരാളി.
കഴിഞ്ഞ തവണ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിലാണ് ജോക്കോവിച്ചിനെ അല്‍കാരസ് വീഴ്ത്തിയതെങ്കില്‍ ഇത്തവണ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുപ്പത്തേഴുകാരനായ ജോക്കോയെ വീഴ്ത്തിയത്.
നേരത്തേ, സെമിയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദെവിനെ മറികടന്നാണ് അല്‍കാരസ് ഫൈനലിന് ടിക്കറ്റെടുത്ത്. ജോക്കോവിച്ചാവട്ടെ സെമിയില്‍ ഇറ്റലിയുടെ യുവതാരം ലൊറന്‍സിയോ മുസെറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
ജയത്തോടെ തുടര്‍ച്ചയായി രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും വിംബിള്‍ഡണ്‍ കിരീടവും നേടുന്ന ആറാമത്തെ താരമാവാനും അല്‍ക്കരാസിന് കഴിഞ്ഞു. ഒരേ വര്‍ഷം ഒന്നിലധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്നത് ഇതാദ്യമായാണ്.