ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിംപിക്‌സിന് ആരംഭം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഫ്രാന്‍സിലെ പാരിസില്‍ ഈ മാസം 26ന് ഒളിംപിക്‌സിന് വിസില്‍ മുഴങ്ങും. ഓഗസ്റ്റ് 11 നാണ് കായിക മാമാങ്കം അവസാനിക്കുക. പാരിസിലെ 35ഓളം വേദികളാണ് കായികോത്സവത്തിനായി തയ്യാറായി നില്‍ക്കുന്നത്. 10,500 അത്‌ലറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. 19 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒളിംപിക്‌സില്‍ 329 വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, കരാട്ടെ എന്നീ ഇനങ്ങളെ ഇത്തവണ മല്‍സരഇനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോളാണ് ഇത്തവണ തിരിച്ചെത്തിയ ഇനം.
വെയ്റ്റ്‌ലിഫ്റ്റിങ്, വോളി ബോള്‍, ഷൂട്ടിങ്, സെയ്‌ലിങ്, ബോക്‌സിങ്, ആര്‍ട്ടിസ്റ്റിക്ക് സ്വിമ്മിങ്, ട്രാക്ക് ആന്‍ ഫീല്‍ഡ് എന്നീ ഇനങ്ങളില്‍ ഫോര്‍മാറ്റ് ചേയ്ഞ്ചുകളും വരുത്തിയിട്ടുണ്ട്. കയാക്ക് ക്രോസ്, സര്‍ഫിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, സ്‌പോര്‍ട്ട് ക്ലിംബിങ്, ബ്രേക്ക് ഡാന്‍സ് എന്നിവയാണ് പുതുതായി ഇടം നേടിയ കായിക ഇനങ്ങള്‍. മുമ്പ് 1900ത്തിലും 1924ലുമാണ് അവസാനമായി പാരിസില്‍ ഒളിംപിക്‌സ് നടന്നത്. ഇന്ത്യയില്‍ ജിയോ സിനിമയിലും സ്‌പോര്‍ട്‌സ് 18ടിവിയും ഒളിംപിക്‌സ് സംപ്രേക്ഷണം ചെയ്യും.
ഇത്തവണയും ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയാണ് യു എസ് ഇറങ്ങുന്നത്. ഒളിംപിക്‌സിന്റെ മത്സരക്കളങ്ങളിലെ ക്യാപ്റ്റന്‍ എപ്പോഴും യുഎസ്എയാണ്. യുഎസിന്റെ കായികക്കരുത്തിന്റെ വിളംബരമാണ് ഓരോ ഒളിംപിക് വേദിയും. പാരിസിലും സ്ഥിതി വ്യത്യസ്തമാകാന്‍ ഇടയില്ല. ഒളിംപിക് ചരിത്രത്തില്‍ ഇതുവരെ 18 തവണ അമേരിക്ക മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഇപ്പോള്‍ നിലവിലില്ലാത്ത സോവിയറ്റ് യൂണിയന്‍ 6 തവണ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജര്‍മനി എന്നിവ ഓരോ തവണയും ഓവറോള്‍ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുണ്ട്. മെഡല്‍ വേട്ടയില്‍ അമേരിക്കന്‍ ആധിപത്യമാണു ഫ്രാന്‍സിലും കായികവിദഗ്ധര്‍ പ്രവചിക്കുന്നത്.
ആധുനിക ഒളിംപിക്‌സിനു തുടക്കമിട്ട 1896ല്‍ മെഡലെണ്ണത്തില്‍ ഒന്നാമതെത്തിയതു യുഎസ് ആണ്. 1900ല്‍ പാരിസില്‍ നടന്ന ഒളിംപിക്‌സില്‍ ഫ്രാന്‍സ് ഒന്നാമതെത്തി. 1904ല്‍ വീണ്ടും യുഎസ്. 1908ല്‍ ലണ്ടനില്‍ നടന്നപ്പോള്‍ ആതിഥേയര്‍ ഒന്നാമത്. ചൈന ആദ്യമായി പട്ടികയില്‍ ഒന്നാമതായത് 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ്.
ഇന്ത്യ ഒളിംപിക്‌സില്‍ ആകെ നേടിയ 10 സ്വര്‍ണത്തില്‍ എട്ടെണ്ണവും ഹോക്കി ടീമിന്റെ വകയാണ്. 1928ല്‍ ആണു ഹോക്കി ടീമിന്റെ ആദ്യ സ്വര്‍ണനേട്ടം. 1928 മുതല്‍ 1956 വരെ തുടര്‍ച്ചയായി ജേതാക്കളായി. പിന്നീട് 64ലും 80ലും വീണ്ടും സ്വര്‍ണം.
ഇന്ത്യയ്ക്ക് ഇതുവരെ ഒളിംപിക്‌സില്‍ 2 വ്യക്തിഗത സ്വര്‍ണങ്ങളേ നേടാനായിട്ടുള്ളൂ. 2008ല്‍ ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടി. ടോക്കിയോയില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി. ഇന്ത്യയ്ക്കായി 116 അത്‌ലറ്റുകളാണ് പാരിസില്‍ അണിനിരക്കുക. 48 വനിതാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. 16 വിഭാഗങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുക. അത്ലറ്റിക്സില്‍ 30 അംഗ സംഘമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ബാഡ്മിന്റന്‍താരം പി.വി. സിന്ധു ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകവാഹകയാകും. ടേബിള്‍ ടെന്നിസ് താരം അജാന്ത ശരത് കമല്‍ ആണ് പുരുഷ ടീമിനെ പ്രതിനിധീകരിച്ചു പതാകയേന്തുക.
ടോക്കിയോ ഒളിമ്പിക്സില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇത്തവണ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര നേടിയ സ്വര്‍ണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്കു പുറമേ കിഷോര്‍ കുമാര്‍ ജെനയും വനിതാ ജാവലിനില്‍ അന്നു റാണിയും യോഗ്യത നേടിയിരുന്നു. ലോംഗ് ജമ്പില്‍ ജെസ്വിന്‍ ആല്‍ഡ്രിന്‍, പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബിള്‍, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, വനിതകളുടെ 3000 മീറ്റര്‍ എന്നിവയില്‍ പരുള്‍ ചൗധരി എന്നിവര്‍ മല്‍സരിക്കുന്നു.
നടത്ത മല്‍സരത്തില്‍ പ്രിയങ്ക ഗോസ്വാമി, അക്ഷദീപ് സിങ്, രാം ബാബു, അര്‍ഷ്പ്രീത് സിങ്, വികാസ് സിങ്, പരംജീത് ബിഷ്ത്, സൂരജ് പന്‍വാര്‍ എന്നിവര്‍ രംഗത്തുണ്ടാവും. വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പഹല്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യര്‍രാജി, വനിതകളുടെ ഷോട്ട്പുട്ടില്‍ അഭ ഖതുവ, പുരുഷന്മാരുടെ ഹൈജമ്പില്‍ സര്‍വേഷ് കുഷാരെ, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് ടൂര്‍ എന്നിവരാണ് മല്‍സരിക്കുന്നത്.
ട്രിപ്പിള്‍ ജമ്പില്‍ അബ്ദുല്ല അബൂബക്കര്‍, പ്രവീല്‍ ചിത്രവേല്‍, വനിതകളുടെ 5000 മീറ്ററില്‍ അങ്കിത ധ്യാനി എന്നിവരും യോഗ്യത നേടിയിരുന്നു. വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമും (രൂപാല്‍ ചൗധരി, എം ആര്‍ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശന്‍) പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേ ടീമും (മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍, ആരോഗ്യ രാജീവ്, അമോജ് ജേക്കബ്) യോഗ്യത നേടിയവരില്‍ ഉള്‍പ്പെടുന്നു.
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു, എച്ച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവരും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ത്യയുടെ പ്രതീക്ഷയാണ്.
അമ്പെയ്ത്തില്‍ ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ്, ഭജന്‍ കൗര്‍,
ദീപിക കുമാരി, അങ്കിത ഭകത് എന്നിവരും ഭാരദ്വഹനത്തില്‍ മീരാഭായ് ചാനു, ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, ആന്റിം പംഗല്‍, അന്‍ഷു മാലിക്, നിഷ ദാഹിയ, റീതിക ഹൂഡ, അമന്‍ സെഹ്രാവത് എന്നിവരിലും രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നു.
ബോക്സിങ്, ഷൂട്ടിങ് ഇനങ്ങളില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. കുതിരസവാരി, ഗോള്‍ഫ്, ജൂഡോ, തുഴച്ചില്‍, നീന്തല്‍, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളിലും ഇന്ത്യ മല്‍സരിക്കുന്നുണ്ട്. ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-എന്‍ ശ്രീറാം ബാലാജി സഖ്യവും പുരുഷ സിംഗിള്‍സില്‍ സുമിത് നാഗലും ഇന്ത്യക്കായി റാക്കറ്റേന്തും.