പാരിസ്: ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ ഫൈനല്‍ ഇന്ന് രാത്രി. ഫൈനലില്‍ യൂറോ കപ്പ് വിജയികളായ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. വെള്ളിയാഴ്ച രാത്രി 9.30നാണ് മല്‍സരം. ഇരുടീമും രണ്ട് തവണ ഒളിംപിക് കിരീടം നേടിയിട്ടുണ്ട്. ഫ്രാന്‍സ് 1984ലിലും സ്‌പെയിന്‍ 1992ലുമാണ് കിരീടം നേടിയത്. സെമിയില്‍ ഫ്രാന്‍സ് 3-1നു ഈജിപ്തിനേയും സ്പെയിന്‍ 2-1നു മൊറോക്കോയേയും വീഴ്ത്തിയാണ് വരുന്നത്. വനിതാ ഫൈനലില്‍ സ്‌പെയിന്‍ ബ്രസീലിനെ നേരിടും. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രാന്‍സ് ഒളിംപിക്സ് ഫുട്ബോള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സ്പെയിനാകട്ടെ യൂറോ കപ്പ് നേട്ടത്തിനു പിന്നാലെ ഒളിംപിക്സ് സ്വര്‍ണവും ലക്ഷ്യമിട്ടാണ് വരുന്നത്.
തുടരെ രണ്ടാം ഒളിംപിക് ഫൈനല്‍ കൂടിയാണ് സ്പെയിനിന്. ടോക്യോയില്‍ ബ്രസീലിനു മുന്നില്‍ അടിയറവ് വച്ച സ്വര്‍ണം ഇത്തവണ സ്വന്തമാക്കുകയാണ് ലക്ഷ്യം. ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയും സെമിയില്‍ ഈജിപ്തിനെയും തോല്‍പ്പിച്ചു. സ്പെയിന്‍ ക്വാര്‍ട്ടറില്‍ ജപ്പാനെയും സെമിയില്‍ മൊറോക്കോയെയും മറികടന്നു. ഇതിഹാസതാരം തിയറി ഹെന്റിയാണ് ഫ്രാന്‍സിനെ പരിശീലിപ്പിക്കുന്നത്. യാങ് ഫിലിപ്പെ മറ്റെറ്റയാണ് ഫ്രാന്‍സിന്റെ തുരുപ്പ് ചീട്ട്. സാന്റി ഡെനിയ പരിശീലിപ്പിക്കുന്ന സ്പെയിന്‍ ടീമില്‍ യൂറോ കളിച്ച ഫെര്‍മിന്‍ ലോപ്പസും അലക്സ് ബയേനയും ടീമിലുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഈജിപ്തിനെ എതിരില്ലാത്ത ആറ് ഗോളിന് വീഴ്ത്തി മൊറോക്കോ വെങ്കല മെഡല്‍ നേടി.