പാരിസ്: ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര ഒളിംപിക് ജാവ്‌ലിന്‍ ത്രോ ഫൈനലില്‍ പ്രവേശിച്ചു. സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് താരം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ ത്രോയില്‍ തന്നെ താരം 89.34 മീറ്റര്‍ ദൂരം എറിഞ്ഞു. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റഴ്‌സും ഫൈനലിലേക്ക് യോഗ്യത നേടി. താരം 88.63 മീറ്റര്‍ ദൂരം പിന്നിട്ടു.
നീരജിന്റെ മറ്റൊരു എതിരാളിയായ പാകിസ്താന്റെ അര്‍ഷദ് നദീമും ഫൈനലില്‍ ഇടം നേടി(86.59). നീരജിന്റെ പേഴ്‌സണല്‍ ബെസ്റ്റ് 89.94 മീറ്ററാണ്. സീസണ്‍ ബെസ്റ്റ് 88.36 മീറ്റര്‍ ആണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫിന്‍ലാന്റിന്റെ ടോണി കെര്‍നാന്‍(85.27), കെനിയയുടെ ജൂലിയസ് യെഗോ (85.97), ജൂലിയന്‍ വെബര്‍ (87.76), ജാക്കുബ് വാഡെല്‍ച്ച് (85.56) എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടി.
84 മീറ്ററാണ് ഫൈനല്‍ യോഗ്യതയ്ക്ക് വേണ്ടത്. ടോക്യോ ഒളിംപിക്സില്‍ നീരജിനായിരുന്നു സ്വര്‍ണം. നിലവില്‍ യോഗ്യത നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച ദൂരമെറിഞ്ഞത് നീരജ് തന്നെയാണ്.