ഓവൽ– ഓവലിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആറു റൺസിന്റെ അവിസ്മരണീയ വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന സമനിലയിൽ അവസാനിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ നാടകീയത, ആവേശം, ഉറ്റുനോക്കൽ, തിരിച്ചുവരവ് എല്ലാം ചേർന്ന ഈ മത്സരത്തിന്റെ ഹൃദയത്തിൽ ഒരാളുണ്ടായിരുന്നു – മുഹമ്മദ് സിറാജ്.
പരമ്പരയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് സിറാജ് ആയിരുന്നു. അവസാന ദിനത്തിലും താരം കളിയുടെ മുഖം മാറ്റിയ നായകനായി മാറി. ഹാരി ബ്രൂക്ക് വെറും 19 റൺസിൽ ആയിരിക്കെ, സിറാജ് ഒരു നിർണായക ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. പിന്നീട് സെഞ്ചുറി നേടിയ ബ്രൂക്ക് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ആ തെറ്റ് സിറാജിനെ തളർത്തിയില്ല. ഉരുക്കുപോലെയുള്ള മാനസികശക്തിയോടെ തിരിച്ചെത്തിയ താരം, ഇന്ത്യയ്ക്ക് അനുകൂലമായി കളിയുടെ ദിശ മാറ്റുകയായിരുന്നു.
അവസാന ഇന്നിംഗ്സിൽ സിറാജ് നേടിയ അഞ്ച് നിർണായക വിക്കറ്റുകൾ ഇന്ത്യയെ അതിജീവനത്തിൽ നിന്ന് വിജയത്തിലേക്ക് കൈപിടിച്ചു നയിച്ചു. തന്റെ പ്രകടനത്തിലൂടെ ഒരു താരത്തിൻറെ യഥാർത്ഥ സ്വഭാവം എങ്ങനെ കളിയിലൂടെ പ്രകടമാക്കാം എന്നത് സിറാജ് തെളിയിച്ചു.
ജസ്പ്രീത് ബുംറക്ക് പരിക്കിൻറെ കാരണത്താൽ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറേണ്ടിവന്നതോടെ, ഇന്ത്യയുടെ ബൗളിംഗ് ചുമതല പൂർണ്ണമായി സിറാജ് ഏറ്റെടുത്തു. ആ ചുമതല ആത്മവിശ്വാസത്തോടെ ഏറ്റുവാങ്ങിയ സിറാജ്, തന്റെ പ്രകടനത്തിലൂടെ അതിനോട് ന്യായം ചെയ്തതു. പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ എന്ന അംഗീകാരം നേടിക്കഴിഞ്ഞ സിറാജ്, ആവശ്യമുള്ള നിമിഷങ്ങളിൽ ഇന്ത്യയുടെ കുന്തമുനയായി മാറി.
തീവ്രത, വേഗത, അകത്തു നിന്നുള്ള ആഗ്രഹം, പ്രക്ഷുബ്ധത, എന്നിവ ചേർന്ന സിറാജിന്റെ പ്രകടനം ടീം ഇന്ത്യയെ തങ്ങളുടെ വിജയഗാഥയുടെ മുന്നിൽ നയിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേതുപോലെ, ഈ പരമ്പരയിലും ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞത് സിറാജ് തന്നെയായിരുന്നു — 185 ഓവറിൽ നിന്ന് 23 വിക്കറ്റുകൾ ഈ പരമ്പരയിൽ സ്വന്തമാക്കി
ഇന്ത്യൻ ബൗളിങ്ങിന്റെ പുതിയ മുഖമായി മാറിയ സിറാജ്, തന്റെ കരിയറിലെ മികച്ച ടെസ്റ്റ് പരമ്പരകളിലൊന്നിലൂടെ ഇന്ത്യൻ ആരാധക ഹൃദയങ്ങളിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു.