മിയാമി – ഇതിഹാസ താരം ലയണൽ മെസ്സിയുടെ തിരിച്ചുവരവിൽ ജയം സ്വന്തമാക്കി ഇന്റർ മിയാമി. മേജർ ലീഗ് സോക്കറിൽ ലാ ഗാലക്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. മിയാമിക്ക് വേണ്ടി ഗോളുകൾ നേടിയതെല്ലാം മുമ്പ് സ്പാനിഷ് ക്ലബ്ബായ ബാർസലോണയിൽ കളിച്ച ജോർദി ആൽബ, ലൂയിസ് സുവാരസ്, ലയണൽ മെസ്സി എന്നിവരാണ്.
43-ാം മിനുറ്റിൽ ആൽബയുടെ ഗോളിലൂടെ മിയാമി മുന്നിലെത്തി. ആൽബയുടെ ഈ ഗോളിന് അസിസ്റ്റ് നൽകിയത് മുൻ ബാർസ താരം തന്നെയായ സെർജിയോ
ബുസ്കെറ്റ്സായിരുന്നു. രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ മെസ്സിയെയും, റോഡ്രിഗോ ഡി പോളിനെയും മിയാമി കളത്തിൽ ഇറക്കി.
59-ാം മിനുറ്റിൽ ജോസഫ് പെയിൻ്റിൽ നേടിയ ഗോളിലൂടെ ലാ ഗാലക്സി ഒപ്പമെത്തി.
84-ാം മിനിറ്റിൽ മെസ്സിയുടെ തകർപ്പൻ ഗോളിലൂടെ മിയാമി വീണ്ടും മുന്നിലെത്തി. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഡി പോൾ നൽകിയ ഒരു പാസ്സ് മെസ്സി കൃത്യമായ ടച്ചിലൂടെ സുവാരസിലേക്ക് എത്തിച്ചു.
താരം അധികം ബുദ്ധിമുട്ടില്ലാതെ പന്ത് വലയിൽ എത്തിച്ചതോടെ മിയാമി വിജയം ഉറപ്പിച്ചു.
ഇതോടെ 24 മത്സരങ്ങളിൽ നിന്നും 13 ജയമടക്കം 45 പോയിന്റുമായി മിയാമി പോയിന്റ് പട്ടികയിൽ നാലാമത് എത്തി.
മെസ്സി ഈ സീസണിൽ 19 ലീഗ് മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും എട്ട് അസിസ്റ്റുകളും ആയി മികച്ച ഫോമിലാണ്.