മിയാമി – ലീഗ്സ് കപ്പിന്റെ കലാശ പോരാട്ടത്തിൽ സിയാറ്റിൽ സൗണ്ടേസിലിനോട് ഏറ്റ തോൽവിക്ക് മേജർ സോക്കർ ലീഗിൽ മറുപടി കൊടുത്തു ഇന്റർ മിയാമി. ഇതിഹാസതാരം ലയണൽ മെസ്സി ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മിയാമിയുടെ വിജയം. ഇതോടെ മെസ്സിയും സംഘവും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
വിലക്ക് ലഭിച്ച സൂപ്പർതാരം ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ മെസ്സിയുടെ പാസ്സിൽ പ്രിയ കൂട്ടുകാരൻ ജോർഡി ആൽബ മിയാമിയെ മുന്നിലെത്തിച്ചു. 41 മിനുറ്റിൽ മെസ്സിയിലൂടെ മിയാമി ലീഡ് വർധിപ്പിച്ചു. ഈ ഗോളിന് വഴി ഒരുക്കിയത് ആൽബയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ചു വെറും ഏഴു മിനിറ്റുകൾക്ക് ശേഷം മൈക്കൽ ഫ്രേ കൂടി ഗോൾ നേടിയതോടെ സ്കോർ 3 – 0. 69 മിനുറ്റിലാണ് എതിരാളികൾക്ക് വേണ്ടി ഒബെദ് വർഗാസ് ആശ്വാസഗോൾ നേടിയത്.