മുംബൈ– ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തും. വാംഖഡെയിൽ വെച്ച് നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിലാണ് മെസി ഇന്ത്യയിൽ കളിക്കുക. വിരാട് കോഹ്‌ലി, മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി എന്നിവരും മെസിക്കൊപ്പം പങ്കെടുക്കും. ഡിസംബർ 14ന് വാംഖഡെ സ്റ്റേഡിയത്തിൽ മെസി എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘാടകരായ വിസ്ഡം ക്രാഫ്റ്റ് പരിപാടിക്ക് അനുമതി തേടിയിട്ടുണ്ട്. ഡിസംബർ 13,14,15 തീയതികളിലായി മെസി കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ മൂന്ന് നഗരങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
മെസിയും അർജന്റീന ടീമും ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. സംസ്ഥാന സർക്കാറിന്റെ പൂർണ പിന്തുണയിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് 2024ൽ കേരള സർക്കാറും പ്രഖ്യാപിച്ചിരുന്നു. ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.