മുല്ലൻപൂർ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 16 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 111 റൺസിന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിങിൽ കൊൽക്കത്ത 96 റൺസിന് ഓളൗട്ടായി. 28 റൺസ് വിട്ടുകൊടുത്ത് നാല് നിർണായക വിക്കറ്റുകളെടുത്ത യുജവേന്ദ്ര ചഹാൽ ആണ് കളിയിലെ താരം. ഐ.പി.എല്ലിൽ ഇതാദ്യമായാണ് ഒരു ടീം ഇത്രയും ചെറിയ സ്കോർ പ്രതിരോധിച്ച് വിജയിക്കുന്നത്.
പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ മുല്ലൻപൂരിലെ മത്സരം ഒരു ഹൈസ്‌കോർ എൻകൗണ്ടർ ആകുമെന്നായിരുന്നു പ്രവചനമെങ്കിലും ഇരുടീമുകളിലെയും ബൗളർമാർ നിറഞ്ഞാടിയപ്പോൾ പിറന്നത് ക്രിക്കറ്റിന്റെ അനിശ്ചിതത്വങ്ങളും വഴിത്തിരിവുകളും നിറഞ്ഞ കിടിലനൊരു മത്സരമാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് ലഭിച്ച മിന്നും തുടക്കം കളിയിൽ വൻ സ്കോർ പിറക്കുമെന്നതിന്റെ സൂചനയായിരുന്നു. 3.1 ഓവർ പിന്നിടുമ്പോൾ 39 എന്ന മികച്ച സ്ഥിതിയിലായിരുന്നു ആഥിഥേയർ.
എന്നാൽ, നാലാം ഓവറിൽ അപകടകാരിയായ പ്രിയാൻഷ് ആര്യയെയും (12 പന്തിൽ 22) പിന്നാലെ ക്യാപ്ടൻ ശ്രേയസ് അയ്യരെയും (0) മടക്കി ഹർഷിത് റാണ കൊൽക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നൽകി. അടുത്ത ഓവറിൽ ജോസ് ഇംഗ്ലിസിനെ (2) ബൗൾഡാക്കി വരുൺ ചക്രവർത്തിയും ആഞ്ഞടിച്ചു. ഒരറ്റത്ത് നല്ല ടച്ചിലായിരുന്ന ഓപണർ പ്രഭ്‌സിമ്രൻ സിങ് തന്നെ തുടർച്ചയായി രണ്ട് സിക്‌സറടിച്ചെങ്കിലും പവർപ്ലേയിലെ അവസാന പന്തിൽ തിരിച്ചടിച്ച് ഹർഷിത് റാണ പഞ്ചാബിനെ നാലിന് 54 എന്ന നിലയിലേക്ക് തള്ളിവിട്ടു.
വൻ സ്‌കോർ ലക്ഷ്യം വെച്ചിരുന്ന പഞ്ചാബിന് മുൻനിരയുടെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. നെഹാൽ വധേര (10) നോർത്യേയുടെ പന്തിൽ ശ്രേയസസ് അയ്യർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ വരുൺ ചക്രവർത്തി ബൗൾഡാക്കി. ഒരു ഓവറിൽ സുര്യാൻഷ് ഷെഗ്‌ഡെയെയും (4), ജാൻസനെയും (2) പുറത്താക്കി സുനിൽ നരെയ്ൻ പഞ്ചാബിനെ 86/8 എന്ന ദയനീയ സ്ഥിതിയിലേക്ക് ചവിട്ടിത്താഴ്ത്തി.
ഈ ഘട്ടത്തിൽ സംയമനത്തോടെ കളിച്ച ശശാങ്ക് സിങ്ങിന്റെ (18) സെൻസിബിൾ ഇന്നിങ്‌സാണ് സ്‌കോർ മൂന്നക്കം കടക്കാൻ പഞ്ചാബിനെ സഹായിച്ചത്. അറോറയുടെ ആദ്യപന്തിൽ ശശാങ്ക് വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ പഞ്ചാബിന്റെ ബാറ്റിങ് പ്രതീക്ഷകൾ അസ്തമിച്ചു. ഒരു പന്തിനപ്പുറം ഷാവിയർ ബാർലറ്റ് റണ്ണൗട്ടാവുക കൂടി ചെയ്തപ്പോൾ പഞ്ചാബിന്റെ ഇന്നിങ്‌സ് 111-ൽ അവസാനിച്ചു. ഇന്നിങ്‌സിൽ നാലര ഓവർ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ദുർഭൂതങ്ങളില്ലാത്ത പിച്ചിൽ കൊൽക്കത്ത അനായാസം ലക്ഷ്യം കാണുമെന്ന് കരുതിയെങ്കിലും ആദ്യ ഓവരിൽ തന്നെ സുനിൽ നരെയ്‌നെ (4) പുറത്താക്കി മാർകോ യാൻസൻ ആദ്യരക്തം ചിന്തി. രണ്ടാം ഓവറിൽ ബാർട്‌ലെറ്റ് ക്വിന്റൺ ഡികോക്കിനെ (2) കൂടി മടക്കിയപ്പോൾ കളി ആവേശകരമായി. എന്നാൽ, ഈ ഘട്ടത്തിൽ കരുതലോടെ ബാറ്റുവീശിയ അങ്ക്രിഷ് രഘുവൻഷിയും ക്യാപ്ടൻ അജിങ്ക്യ രഹാനെയും പതുക്കെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. പവർപ്ലേ ഓവറുകൾ പിന്നിടുമ്പോൾ രണ്ടിന് 55 എന്ന ശക്തമായ നിലയിലായിരുന്നു കൊൽക്കത്ത.
ഏഴാം ഓവറിൽ പന്തെടുത്ത യുജവേന്ദ്ര ചഹാൽ ആണ് കൊൽക്കത്തയുടെ ഇന്നിങ്‌സിൽ നാശം വിതച്ചത്. 17 പന്തിൽ ഒരു സിക്‌സറും ബൗണ്ടറിയുമടക്കം 17 റൺസുമായി ഉറച്ചു നിന്ന രഹാനെയെ എൽ.ബി.ഡബ്ല്യു ആക്കിക്കൊണ്ടായിരുന്നു തുടക്കം. തന്റെ അടുത്ത ഓവറിൽ രഘുവൻഷിയെ (37) ബാർലറ്റിന്റെ കൈയിലെത്തിച്ച് ചഹാൽ ആഞ്ഞടിച്ചു. മറ്റേ എൻഡിൽ പന്തെറിഞ്ഞ ഗ്ലെൻ മാക്‌സ്വെൽ വെങ്കടേഷ് അയ്യരെ (7) വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ കൊൽക്കത്ത അപകടം മണത്തു. തന്റെ അടുത്ത ഓവറിൽ റിങ്കു സിങിനെയും (2), രമൺദീപ് സിങ്ങിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ചഹാൽ കളി പഞ്ചാബിന് അനുകൂലമാക്കി തിരിച്ചു. അടുത്ത ഓവറിൽ ജാൻസൻ ഹർഷിത് റാണയെ (3) കൂടി പുറത്താക്കിയതോടെ 79-ന് എട്ടു വിക്കറ്റ് എന്ന നിലയിലായി കൊൽക്കത്ത.
ഈ ഘട്ടത്തിൽ ചഹാലിനെ ഒരോവറിൽ 16 റൺസിന് പറത്തി ആന്ദ്രേ റസ്സൽ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതാൻ നോക്കിയെങ്കിലും അറോറയുടെ വിക്കറ്റെടുത്ത് അർഷ്ദീപ് സിങ് പഞ്ചാബിനെ കരയോളമെത്തിച്ചു. 16-ാം ഓവറിലെ ആദ്യപന്തിൽ അപകടകാരിയായ റസ്സലിന്റെ കുറ്റിതെറിപ്പിച്ച് യാൻസൻ ആഞ്ഞടിച്ചതോടെ അവിശ്വസനീയമായ കൊൽക്കത്തയുടെ തകർച്ച പൂർണമായി.
