ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടു അടുത്ത് ലിവർപൂൾ. വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1 ന് തോൽപ്പിച്ച ചെമ്പട രണ്ടാം സ്ഥാനക്കാരായ ആർസനലുമായുള്ള വ്യത്യാസം 13 പോയിന്റാക്കി ഉയർത്തി. ആറ് റൗണ്ട് ശേഷിക്കുന്ന ലീഗിൽ രണ്ട് കളികൂടി ജയിച്ചാൽ ആർനെ സ്ലോട്ട് പരിശീലിപ്പിക്കുന്ന സംഘത്തിന് കിരീടത്തിൽ മുത്തമിടാം. മറ്റു മത്സരങ്ങളിൽ ഇപ്‌സ്വിച്ച് ടൗൺ ചെലൽസിയെ സമനിലയിൽ തളച്ചപ്പോൾ മോശം ഫോമിലൂടെ കടന്നുപോകുന്ന ടോട്ടനം ഹോട്‌സ്പറിനെ വൂൾവറാംപ്ടൺ വാണ്ടറേഴ്‌സ് 4-2 ന് വീഴ്ത്തി.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ 18-ാം മിനുട്ടിൽ ലൂയിസ് ഡിയാസിലൂടെ ലിവർപൂൾ ആണ് ആദ്യം ഗോളടിച്ചത്. എന്നാൽ, 86-ാം മിനുട്ടിൽ വെസ്റ്റ്ഹാമിന്റെ ആക്രമണം തടയാനുള്ള ശ്രമത്തിൽ ആൻഡ്ര്യൂ റോബർട്ട്‌സൻ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ആതിഥേയരുടെ വിജയപ്രതീക്ഷകൾക്കു മേൽ കരിനിഴൽ പരന്നു. കളി സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വിർജിൽ വാൻഡൈക്ക് ആണ് വിജയഗോൾ നേടിയത്. അലക്‌സിസ് മക്അലിസ്റ്റർ എടുത്ത കോർണർ കിക്കിൽ ഉയർന്നുചാടി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. ഈ സീസണിൽ ഡച്ച് താരത്തിന്റെ രണ്ടാം ലീഗ് ഗോളായിരുന്നു ഇത്.
ഇനിയുള്ള മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് നേടിയാൽ ലിവർപൂളിന് പ്രീമിയർ ലീഗ് യുഗത്തിലെ രണ്ടാം കിരീടത്തിൽ മുത്തമിടാം. ആർസനൽ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയാണെങ്കിൽ കിരീടധാരണത്തിന് അത്രയും സമയം കാത്തിരിക്കേണ്ടി വരില്ല.
ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ ഇപ്‌സ്വിച്ചിനോടേറ്റ സമനില തിരിച്ചടിയായി. സ്റ്റാംഫ്ഡ് ബ്രിഡ്ജിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു നീലപ്പടയുടെ തിരിച്ചുവരവ്. 19-ാം മിനുട്ടിൽ ജൂലിയോ എൻസിക്കോയും 31-ാം മിനുട്ടിൽ ബെൻ ജോൺസണുമാണ് 18-ാം സ്ഥാനക്കാരായ ഇപ്‌സ്വിച്ചിന് സ്വപ്‌നതുല്യമായ തുടക്കം നൽകിയത്. എന്നാൽ, ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ചെൽസിയുടെ ഗോൾശ്രമം തടയാനുള്ള ശ്രമത്തിൽ ഇപ്‌സ്വിച്ച് താരം അക്‌സൽ ട്വാൻസിബി സെൽഫ് ഗോളടിച്ചത് ചെൽസിക്ക് ഗുണമായി. 79-ാം മിനുട്ടിൽ കരുത്തുറ്റ വോളിയിലൂടെ ജേഡൻ സാഞ്ചോ രണ്ടാമത്തെ ഗോളും നേടി കളി സമനിലയിൽ എത്തിച്ചു. വിജയ ഗോളിനായി ആഞ്ഞുപിടിച്ച ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇപ്‌സ്വിച്ച് കീപ്പർ അലക്‌സ് പാൽമറുടെ മിന്നും സേവുകൾ സന്ദർശകരെ തോൽവിയിൽ നിന്ന് രക്ഷിച്ചു. 54 പോയിന്റുമായി ടേബിളിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും ആസ്റ്റൻ വില്ലയും ന്യൂകാസിലും ശക്തമായ വെല്ലുവിളിയാണ് നീലപ്പടക്ക് ഉയർത്തുന്നത്.
ഇന്നലെ, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആർസനലിനെ ബ്രെന്റ്‌ഫോഡ് 1-1 സമനിലയിൽ പൂട്ടിയിരുന്നു. 61-ാം മിനുട്ടിൽ മിഡ്ഫീൽഡർ തോമസ് പാർട്ടിയിലൂടെ ആർസനൽ മുന്നിലെത്തിയെങ്കിലും 74-ാം മിനുട്ടിൽ യോനെ വിസ്സ സന്ദർശകരെ ഒപ്പമെത്തിച്ചു. അഞ്ച് മത്സരങ്ങൾക്കിടെ ലീഗിൽ മൈക്കൽ അർടേറ്റയുടെ സംഘം വഴങ്ങുന്ന മൂന്നാമത്തെ സമനിലയായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർക്കുകയും ചെയ്തു. എട്ടാം മിനുട്ടിൽ എബറഷിയും 21-ാം മിനുട്ടിൽ ക്രിസ് റിച്ചാർഡ്‌സും ക്രിസ്റ്റൽ പാലസിനു വേണ്ടി ഗോളടിച്ച് ഞെട്ടിച്ചെങ്കിലും സിറ്റി ശക്തമായി തിരിച്ചെത്തുകയായിരുന്നു. മിഡ്ഫീൽഡർ കെവിൻ ഡിബ്രുയ്‌നെയാണ് 33-ാം മിനുട്ടിൽ തിരിച്ചടിക്ക് തുടക്കമിട്ടത്. 36-ാം മിനുട്ടിൽ ഒമർ മർമൂഷ് സമനില ഗോൾ നേടി. മാത്യു കൊവാചിച് (47), ജെയിംസ് മക്കാറ്റീ (56), നിക്കോ ഓറിലി (79) എന്നിവരും നീലപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ പാലസിന് തിരിച്ചുവരവ് അസാധ്യമായി.
സതാംപ്ടണെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാതെ മൂന്നു ഗോളിന് തകർത്ത് ആസ്റ്റൻവില്ലയും കരുത്തുകാട്ടി. രണ്ടാം പകുതിയിൽ ഒലി വാറ്റ്കിൻസ് (73), ഡോനിൽ മാലൻ (79), ജോൺ മക്ഗിൻ (94) എന്നിവരാണ് സ്‌കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ബ്രെയ്റ്റനും ലെസ്റ്റർ സിറ്റിയും 2-2 സമനിലയിൽ പിരിഞ്ഞു.