ബാർസലോണ – ലാ ലീഗ 2025–26 സീസണിന്റെ ആദ്യ മത്സരദിനത്തിൽ റയോ വല്ലെക്കാനോയും വില്ലാറയലും വിജയത്തോടെ തുടങ്ങി.
ആദ്യം നടന്ന മത്സരത്തിൽ, ജിറോണയെ അവരുടെ തട്ടകത്തിൽ വെച്ചാണ് വയ്യാക്കാനോ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വല്ലെക്കാനോയുടെ വിജയം. മത്സരത്തിന്റെ 18-ാം മിനിറ്റിൽ ജോർജ് ഡി ഫ്രൂട്ടോസ് സീസണിലെ ഉദ്ഘാടന ഗോൾ നേടി. 20-ാം മിനിറ്റിൽ അൽവാരോ ഗാർഷ്യയും, 45-ാം മിനിറ്റിൽ ഇസി പലസോൺ നേടിയ പെനാൽറ്റി ഗോളിലൂടെയും ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് ഉറപ്പിച്ചു. ജിറോണയ്ക്കായി ആശ്വാസ ഗോൾ നേടിയത് ജോയൽ റോക്കയാണ്. ഗോൾകീപ്പർ പൗലോ ഗസാനിഗയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ് ജിറോണയ്ക്ക് തിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ, 24 വർഷങ്ങൾക്ക് ശേഷമാണ് ലാ ലീഗയിലേക്ക് എത്തിയ റയൽ ഒവീഡോ കളത്തിലിറങ്ങിയത്. എന്നാൽ, വിയ്യാറയലിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒവീഡോ പരാജയപ്പെട്ടു . 29-ാം മിനിറ്റിൽ എറ്റ ഇയോങും, 36-ാം മിനിറ്റിൽ പേപ്പ് ഗുയെയും നേടിയ ഗോളുകളാണ് സ്വന്തം ഗ്രൗണ്ടിൽ വിയ്യാറയലിന് വിജയം സമ്മാനിച്ചത്. 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലോമോൺ റോണ്ടോൺ പാഴാക്കിയതും, സ്പാനിഷ് താരം ആൽബെർട്ടോ റീന ചുവപ്പ് കാർഡ് കണ്ടതും ഒവീഡോയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ തകർത്തു.
നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി 11 മണിയ്ക്കാണ് അവരുടെ ആദ്യ മത്സരം. മല്ലോർക്കയാണ് എതിരാളികൾ.
ഇന്നത്തെ മത്സരങ്ങൾ
ബാർസലോണ – മല്ലോർക്ക
( ഇന്ത്യ- 11:00 PM ) ( സൗദി – 8:30 PM)
ഡിപോർട്ടീവോ അലാവസ് – ലെവന്റെ
( ഇന്ത്യ- 1:00 AM ) ( സൗദി – 10:30 PM)
വലൻസിയ – റയൽ സോസീഡാഡ്
( ഇന്ത്യ- 1:00 AM ) ( സൗദി – 10:30 PM)