വഡോദര– അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡുകൾ തിരുത്തിയെഴുതി വിരാട് കോഹ്ലി കുതിപ്പ് തുടരുന്നു. വഡോദരയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിനിടെയാണ് അതിവേഗം 28,000 റൺസ് തികയ്ക്കുന്ന താരമെന്ന ലോക റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. സച്ചിൻ 644 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോൾ, വെറും 624 ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് (666 ഇന്നിങ്‌സ്) ഈ പട്ടികയിൽ മൂന്നാമത്. ഇതോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ സംഗക്കാരയെ പിന്നിലാക്കി കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. 28,016 റൺസായിരുന്നു സംഗക്കാരയുടെ സമ്പാദ്യം. 34,357 റൺസുള്ള സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. നേരത്തെ 25,000, 26,000, 27,000 റൺസുകൾ അതിവേഗം പിന്നിട്ട താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച ഫോമിലായിരുന്നു താരം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 301 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടരുന്നത്. ഡാരിൽ മിച്ചൽ (84), ഹെൻറി നികോൾസ് (62), ഡെവോൺ കോൺവെ (56) എന്നിവരുടെ കരുത്തിലാണ് ന്യൂസിലൻഡ് 50 ഓവറിൽ 300 റൺസ് എടുത്തത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



