തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ. കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ സന്ദർശനം മുടങ്ങിയതിന്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ, സ്പോൺസർമാർ കരാർ ലംഘനത്തിന്റെ പഴി എഎഫ്എയ്ക്ക് മേൽ ചുമത്തുകയും കേരളത്തിൽ വരാത്തപക്ഷം ഇന്ത്യയിൽ മറ്റൊരിടത്തും ടീം എത്തില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, കായിക മന്ത്രി വി. അബ്ദു റഹിമാൻ ഇക്കാര്യത്തിൽ മൗനം പാലിച്ചു. 2024 സെപ്റ്റംബറിൽ മാഡ്രിഡിൽ മന്ത്രി പീറ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കുമെന്ന് മന്ത്രിയും സ്പോൺസർമാരും ആവർത്തിച്ചെങ്കിലും, ടീം അമേരിക്കയിലേക്ക് പോകാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബറിൽ കേരള സന്ദർശനം നടത്താൻ അസൗകര്യമുണ്ടെന്ന് അർജന്റീന അറിയിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നു.