തിരുവനന്തപുരം– തുടർച്ചയായ രണ്ടാം സീസണിലും കലാശ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ച് ഏരിയാസ് കൊല്ലം. കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി നയിക്കുന്ന കൊല്ലം ഇന്ന് നടന്ന ആദ്യ സെമിയിൽ തൃശ്ശൂർ ടൈറ്റൻസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
ആദ്യ ബാറ്റിംഗിന് ഇറങ്ങിയ തൃശ്ശൂർ 17.1 ഓവറിൽ വെറും 86 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊല്ലം 61 പന്തുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം കണ്ടു. കഴിഞ്ഞ സീസണിലെ സെമിയിലും തൃശ്ശൂരിനെ തോൽപ്പിച്ച് തന്നെയാണ് കൊല്ലം കിരീടത്തിലേക്ക് എത്തിയത്.
തൃശ്ശൂർ ആദ്യ വിക്കറ്റ് കൂട്ടുകട്ടിൽ ആനന്ദ് കൃഷ്ണൻ (23), അഹമ്മദ് ഇമ്രാൻ (13) എന്നിവർ ചേർന്ന് 36 റൺസ് പടുത്തുയർത്തിയിരുന്നു. എന്നാൽ പിറകെ ഒന്നൊന്നായി താരങ്ങളെല്ലാം ഇറങ്ങിയതും പോയതും അറിഞ്ഞില്ല. ആനന്ദ് കൃഷ്ണൻ, അഹമ്മദ് ഇമ്രാൻ എന്നിവർ മാത്രമാണ് ഇരട്ട അക്കം കടന്നത്. കൊല്ലത്തിനു വേണ്ടി പവൻ രാജ്,അമൽ, വിജയ് വിശ്വനാഥ്, അജയ് ഘോഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബിയും, ഷറഫുദ്ദീനും ഒരു വിക്കറ്റ് വീതം നേടി തൃശ്ശൂരിന്റെ കിരീട പ്രതീക്ഷകളെ കാറ്റിൽ പറത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം ഒരു പ്രതിസന്ധിയും നേരിടാതെ തന്നെ 9.5 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയത്തിലെത്തി. ഭരത് സൂര്യ (31 പന്തിൽ 56 റൺസ്), അഭിഷേക് നായർ ( 28 പന്തിൽ 32) എന്നിവർ ചേർന്നാണ് അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സ്കോർ 86ൽ നിൽക്കെ അജിനാസിനെതിരെ സിക്സർ പറത്തിയാണ് ഭരത് രണ്ടാമത്തെ തവണയും ടീമിനെ ഫൈനലിൽ എത്തിച്ചത്.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചി കാലിക്കറ്റിനെ നേരിടും.