തിരുവനന്തപുരം– കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിന് ജയം. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകൾ ആയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് കൊല്ലം ജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അവസാന ഓവറിൽ ഒരു വിക്കറ്റ് 14 റൺസായിരുന്നു കൊല്ലത്തിനു വേണ്ടത്. രണ്ട് സിക്സറുകൾ പറത്തി ഒരു പന്ത് ബാക്കിനിൽക്കെയാണ് ബിജു നാരായണനാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ (22 പന്തിൽ 54 റൺസ്) രണ്ട് ഓവർ ബാക്കി നിൽക്കെ 138 റൺസിന് എല്ലാവരും പുറത്തായി. മനു കൃഷ്ണൻ (25 റൺസ് ) സൽമാൻ നിസാർ (22 റൺസ്) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും ബാറ്റിംഗിൽ തിളങ്ങിയത്. കൊല്ലത്തിനു വേണ്ടി ഷറഫുദ്ദീൻ നാല് വിക്കറ്റും അമൽ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെ നഷ്ടമായി. തുടരെ വന്ന വത്സൽ ഗോവിന്ദ് (41), ക്യാപ്റ്റൻ സച്ചിൻ ബേബി (24), അഭിഷേക് നായർ (21) മികച്ച കൂട്ടുകെട്ട് നൽകി വിജയപ്രതിക്ഷ നൽകി. എന്നാൽ പിന്നീട് വന്നവർ നിരാശപ്പെടുത്തിയപ്പോൾ ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായി.
ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗോവിന്ദും അമലും സ്കോർ 100ൽ എത്തിച്ചു. പിന്നാലെ 14 റൺസുമായി അമൽ പുറത്തായി. വീണ്ടും 15 റൺസ് ചേർക്കുന്നതിനിടെ ആഷിക് മുഹമ്മദ് (2), ഗോവിന്ദ് എന്നിവർ പുറത്തായപ്പോൾ കാലിക്കറ്റിന് വീണ്ടും പ്രതീക്ഷകൾ നൽകി.
എന്നാൽ അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ബിജു നാരായണൻ ( ഏഴ് പന്തിൽ 15 റൺസ്) ഏദൻ ആപ്പിളിനെ ( ആറു പന്തിൽ പത്തു റൺസ്) കൂട്ടുപിടിച്ച് കാലിക്കറ്റിന്റെ പ്രതീക്ഷകളെ തല്ലി കെടുത്തിയതോടെ വിജയം ഉറപ്പിച്ചു.